കാട്ടുപന്നിശല്യം തടയുന്നതു പഠിക്കാൻ തമിഴ്നാട് നിയോഗിച്ച സംഘം ഒറ്റപ്പാലത്ത്
1376660
Friday, December 8, 2023 1:35 AM IST
ഒറ്റപ്പാലം: കാട്ടുപന്നികളെ നേരിടുന്ന മാതൃക പഠിക്കാൻ തമിഴ്നാട് സർക്കാർ നിയോഗിച്ച സംഘം ഒറ്റപ്പാലത്ത് വന്ന് പഠനം നടത്തി. കാട്ടുപന്നി ശല്യം തടയാൻ ഒറ്റപ്പാലം നഗരസഭ നടപ്പാക്കിയ നടപടികളെക്കുറിച്ചു പഠിക്കാനായിരുന്നു സന്ദർശനം. തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആർ. ശ്രീനിവാസ് റെഡ്ഡി, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ വി. നാഗനാഥൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ നഗരസഭാ ഓഫീസിലെത്തിയത്.
കൃഷിക്കു ഭീഷണിയായി മാറിയ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള അധികാരം തദ്ദേശഭരണ സ്ഥാപനങ്ങൾക്കു കൈമാറിയതു സംബന്ധിച്ചായിരുന്നു പഠനം. ഉത്തരവ് സംസ്ഥാനത്തു ഫലപ്രദമായി നടപ്പാക്കിയ നഗരസഭ എന്ന നിലയിലാണു തമിഴ്നാട് സംഘം ഒറ്റപ്പാലത്തെത്തിയത്. ദൗത്യസംഘത്തിന്റെ നടപടികൾ സംബന്ധിച്ചു നഗരസഭാധ്യക്ഷ കെ. ജാനകീദേവിയും ഉപാധ്യക്ഷൻ കെ.രാജേഷും സെക്രട്ടറി എ.എസ്. പ്രദീപും നഗരസഭാതിർത്തിയിലെ കർഷകരും വിശദീകരിച്ചു. പന്നികളെ കണ്ടെത്തുന്നതു മുതൽ ജഡങ്ങൾ സംസ്ക്കരിക്കുന്നതു വരെയുള്ള നടപടികൾ സംബന്ധിച്ചായിരുന്നു വിശദീകരണം. തമിഴ്നാട് വനം വകുപ്പിനു പുറമേ മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും കർഷകരും ഉൾപ്പെട്ട സമിതിയാണ് ഒറ്റപ്പാലത്തെത്തിയത്.
ഇതു സംബന്ധിച്ച റിപ്പോർട്ട് തമിഴ്നാട് സർക്കാരിനു സമർപ്പിക്കുമെന്നു ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആർ. ശ്രീനിവാസ് റെഡ്ഡി അറിയിച്ചു. നിലവിൽ തമിഴ്നാട്ടിൽ ശല്യക്കാരായ കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം വനം വകുപ്പിനാണ്. പാലക്കാട് വൈൽഡ് ലൈഫ് ചീഫ് കൺസർവേറ്റർ മുഹമ്മദ് ഷെബാബ്, ഡിഎഫ്ഒ കുറ ശ്രീനിവാസ്, ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജിയാസ് ജമാലുദ്ദീൻ ലബ്ബ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.