കൗമാര കലാമാമാങ്കത്തിന് തുടക്കം
1376104
Wednesday, December 6, 2023 1:18 AM IST
പാലക്കാട്: കൗമാര കലാമാമാങ്കത്തിന് രചനാ മത്സരങ്ങളോടെ തുടക്കമായി. ബിഇഎം ഹയർ സെക്കൻഡറി സ്കൂളിൽ ജനറൽ കണ്‍വീനർ വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി. മനോജ് കുമാർ പതാക ഉയർത്തിയതോടെയാണ് സർഗവേദികൾ ഉണർന്നത്.
രചനാ മത്സരങ്ങളിൽ പന്ത്രണ്ട് ഉപജില്ലകളിൽ നിന്നായി എണ്ണൂറോളം സർഗ പ്രതിഭകളാണ് മാറ്റുരച്ചത്. നർത്തകികളും മണവാട്ടിക്കൂട്ടവും മാപ്പിളപ്പാട്ടുകളും കഥകളിയും നാടകവുമെല്ലാമായി ഇന്ന് വേദികളിൽ കലാവസന്തം തീർക്കും. ഇനിയുള്ള അഞ്ച് നാളുകൾ നഗരത്തിൽ ഉത്സവാന്തരീക്ഷമാകും. പാലക്കാട് നഗരം ആതിഥേയത്വമരുളിയ എല്ലാ കലോത്സവങ്ങളും നിറഞ്ഞ സദസിൽ കൈയടികളോടെയാണ് കാണികൾ വരവേറ്റത്.
ബിഇഎം ഹയർ സെക്കൻഡറി സ്കൂൾ, ബിഇഎം ജെബിഎസ്, സിഎസ്ഐ ഇഎംഎസ്, സെന്റ് സെബാസ്റ്റ്യൻ എസ്ബിഎസ്, ഇഎംയുപിഎസ് ഐടി @ സ്കൂൾ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഇന്ന് വൈകീട്ട് നാലിന് ബിഇഎം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം മുണ്ടൂർ സേതുമാധവൻ ഉദ്ഘാടനം ചെയ്യും.
സംഘാടകസമിതി ചെയർമാനും എംഎൽഎയുമായ ഷാഫി പറന്പിൽ അധ്യക്ഷനാകും. സംഗീതജ്ഞൻ പ്രകാശ് ഉള്ള്യേരിയെ ആദരിക്കും. മുനിസിപ്പൽ ചെയർപേഴ്സൻ പ്രിയ അജയൻ, എംഎൽഎമാരായ എ. പ്രഭാകരൻ, എൻ. ഷംസുദ്ദീൻ, കെ. മുഹമ്മദ് മുഹ്സിൻ, കെ. പ്രേംകുമാർ, പി. മമ്മിക്കുട്ടി, ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര, സംഘാടകസമിതി ജനറൽ കണ്‍വീനറും വിദ്യാഭ്യാസ ഉപഡയറക്ടറുമായ പി.വി. മനോജ് കുമാർ, ഡിഇഒ ഉഷ മാനാട്ട് തുടങ്ങിയവർ പങ്കെടുക്കും.
പരിപാടിയോടനുബന്ധിച്ച് ജില്ലയിലെ 62 കലാധ്യാപകരുടെ സ്വാഗതഗാനവും സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദന്റെ അരങ്ങുണർത്തലും നടക്കും.