ജെല്ലിപ്പാറ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ രണ്ടാം മരിയൻ കൺവൻഷനു തുടക്കം
1375432
Sunday, December 3, 2023 5:02 AM IST
അഗളി: ജെല്ലിപ്പാറ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ അഞ്ചുദിവസം നീളുന്ന രണ്ടാം മരിയൻ കൺവൻഷൻ തുടങ്ങി. വൈകുന്നേരം 4.30 മുതൽ രാത്രി 9 വരെയാണ് കൺവൻഷൻ. ഇന്നലെ വൈകുന്നേരം താവളം വികാരി ഫാ.ജോമിസ് കൊടകശേരിയിൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ജപമാല റാലിയോടെയാണ് കൺവൻഷൻ ആരംഭിച്ചത്. തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് കാരറ സെന്റ് ജോസഫ് ഇടവക വികാരി ഫാ. ജോഷി പുത്തൻപുരയ്ക്കൽ മുഖ്യധാർമികത്വം വഹിച്ചു.
തുടർന്ന് നടന്ന ആരാധനയ്ക്ക് ബ്രദർ ജോഷി വെട്ടിക്കൽ നേതൃത്വം നൽകി. ഇന്ന് നടക്കുന്ന തിരുകർമങ്ങൾക്ക് രൂപത ഫാമിലി അപ്പോസ്റ്റലേറ്റ് സ്റ്റാർസ് ഡയറക്ടർ റവ. ഡോ. അരുൺ കലമറ്റത്തിൽ മുഖ്യ കാർമികനാകും.
തൃശൂർ വെട്ടുകാട് സ്നേഹാശ്രമം ഡയറക്ടർ ഫാ. അലക്സാണ്ടർ കുരീകാട്ടിലിന്റെ നേതൃത്വത്തിലാണ് നാളത്തെ തിരുകർമങ്ങൾ. ബ്രദർ ജോർജ് ഇഞ്ചക്കുണ്ട് ( ഇരിങ്ങാലക്കുട), തൃശൂർ ദേവമാത പ്രൊവിൻഷ്യൽ ഹൗസ് കൗൺസിലർ ഫാ. ജോർജ് തട്ടാൻ സിഎംഐ എന്നിവർ ചൊവ്വ, ബുധൻ ദിവസങ്ങളിലെ കൺവൻഷനുകളിൽ മുഖ്യകാർമികത്വം വഹിക്കും.
ജപമാല പ്രദക്ഷിണം, വിശുദ്ധ കുർബാന, കുമ്പസാരം, കൗൺസിലിംഗ്, ആരാധന, വചന പ്രഘോഷണം എന്നിവ കൺവൻഷനുകളിൽ ഉണ്ടാകും. ഊട്ടുതിരുനാൾ വെള്ളിയാഴ്ച നടക്കും. രാവിലെ 10.30 ന് ദേവാലയത്തിൽ നടക്കുന്ന ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് വികാരി ജനറാൾ മോൺ. ജീജോ ചാലയ്ക്കൽ നേതൃത്വം നൽകും.
ഇടവക വികാരി ഫാ. ജോൺ മരിയ വിയാനി ഒലക്കേങ്കിൽ, അസിസ്റ്റന്റ് വികാരി ഫാ. തോമസ് തോപ്പുറത്ത്, കൺവീനർ ജെയ്സൺ പാനന്തനത്ത്, കൈക്കാരന്മാരായ മത്തായി ഊടുപുഴയിൽ, ഷിബിൻ കുരുവിളംകാട്ടിൽ, എന്നിവർ നേതൃത്വം നൽകും.