കുടിവെള്ളക്ഷാമം പരിഹരിക്കാൻ 205 കോടിയുടെ പദ്ധതി തയാർ
1336595
Tuesday, September 19, 2023 12:49 AM IST
ൊഷൊർണൂർ: ചളവറ, തൃക്കടീരി, അനങ്ങനടി, ഗ്രാമ പഞ്ചായത്തുകളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പദ്ധതിയായി. ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള സമഗ്ര ശുദ്ധജല പദ്ധതിയാണ് യാഥാർഥ്യമാകുന്നത്.
205 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. തൂതപ്പുഴയിലെ വെള്ളം ഉപയോഗിച്ചാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇതിനാവശ്യമായ കിണറിന്റെ പണി പൂർത്തിയായി.
നഗരസഭയുടെ പരിധിയിലുള്ള പന്നിയംകുറുശ്ശി സ്വാമിയാർ കുന്നിൽ 50,000 ലിറ്റർ ശേഷിയുള്ള ട്രീറ്റ്മെന്റെ് പ്ലാന്റിന്റെയും 27 ലക്ഷം ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയുടെയും നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
തൂതപ്പുഴയിലെ കിണറിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് മൂച്ചിത്തോട്ടം വഴി സ്വാമിയാർ കുന്നിലേയ്ക്കുള്ള ശുദ്ധീകരണ ശാലയിലേയ്ക്ക് എത്തിക്കുകയാണു ലക്ഷ്യം. പദ്ധതി യാഥാർഥ്യമാവുന്നതോടെ നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ജലക്ഷാമത്തിന് ശാശ്വത പരിഹാരമാകും.
നഗരസഭയിൽ പണി പുരോഗമിക്കുന്ന ജൽജീവൻ മിഷൻ പദ്ധതി 45ശതമാനം കേന്ദ്രവിഹിതവും 55 ശതമാനം സംസ്ഥാന സർക്കാറിന്റെ വിഹിതവുമുള്ള പദ്ധതിയാണ്. എന്നാൽ ജൽജീവൻ മിഷൻ നഗര സഭകൾക്കുള്ളതല്ല. ഈ ഘട്ടത്തിലാണ് ചെർപ്പുളശേരി നഗരസഭ സംസ്ഥാന സർക്കാരിന്റെയും നഗരസഭാ വിഹിതവും ചേർത്ത് 30 കോടിയോളം രൂപ കണ്ടെത്തി ഈ പദ്ധതിയിൽ പങ്കു ചേർന്നത്.
ചെർപ്പുളശേരി നഗരസഭയ്ക്കുള്ള മോട്ടറും ടാങ്കും സംസ്ഥാന സർക്കാർ അനുവദിച്ച 10 കോടി രൂപ ചെലവിട്ടാണു നടപ്പാക്കുന്നത്. വിതരണത്തിനായി പൈപ്പ് ലൈനുകൾ പുതുതായി സ്ഥാപിക്കേണ്ടതുണ്ട്.
കൂടുതൽ കണക്ഷൻ നല്കേണ്ടതുമുണ്ട് തനതു ശുദ്ധജലപദ്ധതികളിലൂടെ ജലവിതരണം നടത്തുന്ന ഗുണഭോക്താക്കളെ കൂടി പരിഗണിക്കും.
ഇതിനായി നിലവിലുള്ള വാട്ടർ അഥോറിറ്റി ലൈനുകൾ പുതിയതായി ഇടുകയും പുന:ക്രമീകരിക്കുകയും വേണം.
നഗരസഭ സംസ്ഥാന സർക്കാരിന്റെ സ്റ്റേറ്റ് പ്ലാനിൽ ഉൾപ്പെടുത്തി 6 കോടി രൂപയും നഗരസഭാ വിഹിതമായി 4 കോടി രൂപയും സംസ്ഥാന ഗവൺമെന്റെ 40ശതമാനവും കേന്ദ്ര ഗവൺമെന്റിന്റെയും 60 ശതമാനവും വഹിക്കുന്ന 10.2 കോടി രൂപയും കണ്ടെത്തിയാണ് 3,000 കുടുംബങ്ങൾക്ക് സൗജന്യമായി കുടിവെള്ള കണക്ഷൻ നല്കുന്നതിനും ചെർപ്പുളശേരി നഗരസഭയിലെ കുടിവെള്ള പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനുമായുള്ള പദ്ധതി നഗരസഭ നടപ്പാക്കുന്നത്.
ആദ്യ ഘട്ടത്തിൽ നിലവിൽ ജലഅഥോറിറ്റി ലൈൻ ഉള്ള പ്രദേശങ്ങളിൽ കണക്ഷൻ ഇല്ലാത്തവരുടെ പട്ടിക തയാറാക്കി കണക്ഷൻ നല്കും.
തുടർന്ന് ജല അഥോറിറ്റിയുടെ നിലവിലുള്ള ലൈൻ നീട്ടിയാൽ കണക്ഷൻ കൊടുക്കാൻ കഴിയുന്നവരുടെ പട്ടിക തയാറാക്കി കണക്ഷൻ നല്കും.
അടുത്ത ഘട്ടത്തിൽ തനത് ജലപദ്ധതികളിലൂടെ വെള്ളം വിതരണം ചെയ്യുന്ന ഗുണഭോക്താക്കൾക്കുകൂടി ആവശ്യമായ പൈപ്പ് ലൈനുകൾ സ്ഥാപിച്ചും കണക്ഷൻ ഇല്ലാത്തവർക്ക് കണക്ഷൻ നല്കിയും സമ്പൂർണ കുടിവെള്ള സൗകര്യമുള്ള നഗരസഭയായി രണ്ടു വർഷത്തിനുള്ളിൽ ചെർപ്പുളശേരിയെ മാറ്റുന്നതിനും പദ്ധതിയുണ്ട്.