ഒറ്റപ്പാലം ബൈപ്പാസ് സ്ഥലം ഏറ്റെടുക്കൽ: തുടർനടപടികൾ മരവിപ്പിച്ചു
1336408
Monday, September 18, 2023 12:42 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലം ബൈപ്പാസിനു സ്ഥലം ഏറ്റെടുക്കൽ താല്ക്കാലികമായി മരവിപ്പിക്കാൻ അനൗദ്യോഗിക തീരുമാനം.
പദ്ധതി യാഥാർഥ്യമാകുമ്പോൾ വീടും സ്ഥലവും നഷ്ടപ്പെടുന്ന ചിലർ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുള്ള ഹർജി തീർപ്പാകുന്നുവരെ ധൃതിപിടിച്ച് തുടർനടപടികളും സ്ഥലം ഏറ്റെടുക്കലടക്കമുള്ള പ്രവർത്തികളും വേണ്ടെന്നാണ് റവന്യു സംഘത്തിന് ലഭിച്ചിട്ടുള്ള ഉന്നതല നിർദേശം. ഒറ്റപ്പാലത്തിന്റെ സ്വപ്ന പദ്ധതിയായ ബൈപ്പാസിന് സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർത്തികരിക്കാൻ ജില്ലാ കളക്ടറെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു.
പദ്ധതിക്കെതിരെ സ്ഥലവും വീടും നഷ്ടപ്പെടുന്നവർ മുമ്പുതന്നെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
നിയമ പ്രശ്നങ്ങളും സാങ്കേതിക പ്രശ്നങ്ങളും പരിഹരിച്ച് ബൈപ്പാസ് പദ്ധതി പൂർത്തീകരിക്കാനാവശ്യമായ നടപടികൾ കൈകൊള്ളാൻ തിരുവനന്തപുരത്ത് കെ.പ്രേംകുമാർ എംഎൽഎ ഉന്നതാധികൃതരുമായി നടത്തിയ യോഗത്തിൽ തീരുമാനമെടുക്കുകയും ചെയ്തിരുന്നതാണ്.
സർക്കാർ ഉത്തരവ് പ്രകാരം പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ തുടങ്ങിയെങ്കിലും പൂർത്തിയാക്കാനായിട്ടില്ല.
നഗരത്തിൽ വർഷങ്ങളായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഈസ്റ്റ് ഒറ്റപ്പാലം വടക്കേപ്പാതയെയും പാലാട്ട് റോഡിനേയും ബന്ധിപ്പിച്ചാണ് ബൈപ്പാസ് റോഡ് നിർമിക്കുന്നത്.
ഇരു റോഡുകൾക്കും മധ്യേ കടന്നു പോകുന്ന തോടിനു കുറുകെ പാലം നിർമിച്ചാണു റോഡുനിർമാണം.
15 മീറ്റർ വീതിയിലുള്ള ബൈപാസിന് 3.25 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
രണ്ടു റോഡുകളുടെയും വീതി നിലവിൽ അഞ്ചു മീറ്ററാണ്. സ്ഥലം ഏറ്റെടുത്ത് 10 മീറ്റർ കൂടി വർധിപ്പിക്കാനാണ് രൂപരേഖ. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിലാണ് പ്രവൃത്തികള്.
ഇതിനായി സ്പെഷൽ തഹസിൽദാരെയും നിയോഗിച്ചിട്ടുണ്ട്. അതേ സമയം സർവേ നടപടികൾക്കെതിരെ ഒരു വിഭാഗം നാട്ടുകാരുടെ പ്രതിഷേധം തുടരുന്നുമുണ്ട്.
കിഫ്ബിയടെ സാമ്പത്തിക സഹായത്തോടെ 79 കോടി 42 ലക്ഷം രൂപയാണ് ബൈപ്പാസിന് ചെലവ് കണക്കാക്കുന്നത്.