സ്കൂൾ വിദ്യാർഥി ഉൾപ്പെടെ നിരവധി പേർക്ക് നായയുടെ കടിയേറ്റു
1301552
Saturday, June 10, 2023 12:44 AM IST
നെന്മാറ: കണിമംഗലം ഏന്തൻപാതക്കു സമീപം വളർത്തു നായ കടിച്ച് സ്കൂൾ വിദ്യാർഥി ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു. കടിയേറ്റവർ പേവിഷ ചികിത്സയ്ക്കായി നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയെങ്കിലും നാല് ഡോസായി നൽകാറുള്ള ഐഡിആർവി വാക്സിൻ നൽകിയശേഷം മുറിവ് വലുതായതിനാൽ എആർസി (ആന്റി റാബീസ് സീറം) വാക്സിൻ എടുക്കുന്നതിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കയച്ചു.
കൂടുതൽ പേർക്ക് കടിയേറ്റതോടെ ഉടമയെ അന്വേഷിച്ചപ്പോൾ കഴിഞ്ഞ ദിവസം ഉടമ കലാധരനും കടി കിട്ടിയതായും അറിഞ്ഞു. ഉടമ നായയെ കെട്ടിയിടാത്തതിനാലാണ് കൂടുതൽപേരെ കടിക്കാൻ ഇടയായതെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു. വാക്സിൻ എടുക്കാതെയും ലൈസൻസ് ഇല്ലാതെയും പട്ടികളെ വളർത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. പ്രദേശത്തിന് അടുത്തായി എൽപി സ്കൂളും ഹൈസ്കൂളും ഉള്ളതിനാൽ പ്രദേശവാസികൾ പേവിഷബാധ ജാഗ്രതയിലാണ്.