മഴക്കാലം എത്തി, പകർച്ചവ്യാധിക്കെതിരെ ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
1301223
Friday, June 9, 2023 12:32 AM IST
ഒറ്റപ്പാലം : വർഷക്കാലത്ത് പകർച്ചവ്യാധികൾ പടർന്നു പിടിക്കാനുള്ള സാധ്യത മുൻനിർത്തി ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം. പകർച്ച പനിയും ജലജന്യരോഗങ്ങളും പടരാനുള്ള സാഹചര്യം മുൻനിർത്തിയാണ് ജാഗ്രത പാലിക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദേശം നല്കിയത്.
ഇതിന്റെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേയും താലൂക്ക് ആശുപത്രികളിലെയും ഡോക്ടർമാരുടെ യോഗം വിളിച്ച് ചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തി.
മഴക്കാലത്ത് പനിക്കാരുടെ എണ്ണം കൂടുതലാവുകയും ആശുപത്രിയിൽ രോഗികളുടെ തിരക്ക് വർദ്ധിക്കാനുമുള്ള സാഹചര്യം അധികൃതർ മുൻകൂട്ടി കാണുന്നുണ്ട്. ഇത്തരം സാഹചര്യം ഫലപ്രദമായി മറികടക്കാൻ ആവശ്യത്തിനു മരുന്നും കിടക്കകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും അടിയന്തര പ്രാധാന്യത്തോടു കൂടി ആശുപത്രികളിൽ സജ്ജമാക്കാൻ അധികൃതർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനുപുറമേ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തങ്ങൾക്ക് കീഴിൽ വരുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ മതിയായ ചികിത്സാ സൗകര്യം ഉറപ്പാക്കാൻ മുൻകരുതലുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിനായി ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും യോഗവും തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷ·ാർ ഇതിനകം വിളിച്ചു ചേർത്തിട്ടുണ്ട്. അവശ്യ സമയങ്ങളിൽ ഡോക്ടർമാരുടെ പരിശോധന ഉറപ്പു വരുത്തുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളാനാണ് അധികൃതർ നിർദേശം നല്കിയത്.
താല്ക്കാലികമായി ഡോക്ടർമാരെ നിയമിക്കുന്നതിന് വേണ്ട അനുമതിക്കായി ജില്ലാ മെഡിക്കൽ ഓഫീസറുമായി വിഷയം അടിയന്തരമായി ചർച്ച ചെയ്യുന്നതിന്നും തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷ·ാർ നടപടികൾ തുടങ്ങിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും
മരുന്നിന്റെ മതിയായ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. ആശുപത്രികളിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെടാനാണ് താലൂക്ക് ആശുപത്രികൾക്ക് ലഭിച്ചിട്ടുള്ള നിർദേശം.
വർഷക്കാലത്തെ പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നിറവേറ്റുന്നതിന് വേണ്ടി വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും താലൂക്ക് ആശുപത്രികളും കഴിഞ്ഞ ദിവസങ്ങളിൽ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു.
വർഷക്കാലത്ത് പനി സംബദ്ധിച്ച ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടാവാറില്ലെങ്കിലും, പനി പടരാനുള്ള സാഹചര്യം അധികൃതർ മുൻകൂട്ടി കാണുന്നുണ്ട്.
പരിശോധനയും, മരുന്നും രോഗികൾക്ക് കൃത്യമായി ലഭ്യമാക്കാനുള്ള നടപടികൾ യഥാക്രമം കൈക്കൊള്ളും.