ഹരിത വിദ്യാലയമാകാൻ ഒലവക്കോട് സെന്റ് തോമസ്
1300505
Tuesday, June 6, 2023 12:39 AM IST
പാലക്കാട്: ലോക പരിസ്ഥിതി ദിനത്തിൽ ഹരിത വിദ്യാലയം എന്ന ലക്ഷ്യത്തിലേക്ക് ചുവടുവക്കാൻ ഒരുങ്ങി ഒലവക്കോട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ. നൂറു ശതമാനം പരിസ്ഥിതി സാക്ഷരതയും, പരിസ്ഥിതി വിദ്യാഭ്യാസവും വരുന്ന ഒരു വർഷം കൊണ്ട് സ്കൂൾ കൈവരിക്കും എന്ന് പരിസ്ഥിതി ദിനത്തിൽ വിദ്യാർഥികൾ പ്രതിജ്ഞ ചെയ്തു. പരിസ്ഥിതി ദിനാചരണം കേവലം ഒരു ദിവസത്തെ വൃക്ഷതൈ നടലിൽ ഒതുക്കാതെ, ഉൗർജ സംരക്ഷണവും, ജലസംരക്ഷണവും, പേന മുതലുള്ള ഉപകരണങ്ങളുടെ പുനരുപയോഗവും, കാർബണ്‍ ബഹിർഗമന സാഹചര്യങ്ങളുടെ യുക്തിസഹമായ ഒഴിവാക്കലും, സ്കൂളിലേക്ക് എത്തുവാൻ സൈക്കിൾ ഉപയോഗവും, ഒരേ പ്രദേശത്തു നിന്ന് എത്തുന്നവർ വാഹനം ഷെയർ ചെയ്തു സ്കൂളിൽ എത്തുന്നതും ഹരിത വിദ്യാലയം എന്ന സ്വപ്നത്തിലേക്ക് സെന്റ് തോമസിനെ എത്തിക്കും.
വിദ്യാർഥികളുടെ പരിശ്രമഫലമായി വീട്ടിലെ വൈദ്യുത ഉപയോഗം കുറക്കുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ നല്‍കും. പരിസ്ഥിതി സംരക്ഷണം കുട്ടികളിലൂടെ കുടുംബത്തിലേക്ക് എന്ന ആശയത്തെ അടിസ്ഥാനമാക്കി വീട്ടിൽ നടപ്പാക്കാൻ കഴിയുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തന മാതൃകകൾ പരിസ്ഥിതി ദിനത്തിൽ വിദ്യാർഥികൾക്കായി നല്കി. പ്രകൃതിസംരക്ഷണത്തിന്റെ വ്യത്യസ്ത മോഡലുകളും വിവിധ പരിപാടികളും വിദ്യാർഥികൾ വേദിയിൽ അവതരിപ്പിച്ചു. പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സൈൻ (സോഷ്യൽ ഇനീഷ്യേറ്റീവ് ഫോർ ഗ്ലോബൽ നർച്ചറിംഗ്) നേതൃത്വം നല്‍കും. കാലാവസ്ഥ വ്യതിയാന രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യയിലെ സ്റ്റാർട്ടപ്പായ ഇക്വേറ്റർജിയോ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹായത്തോടെ വിദ്യാർഥികളുടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ വഴി കുറക്കുന്ന കാർബണ്‍ ബഹിർഗമനത്തിന്റെ അളവ് കണക്കാക്കും.
സൈൻ പ്രസിഡന്റ് ഫാ. സജി വട്ടുകളത്തിൽ ക്ലാസുകൾ നയിച്ചു. പ്രിൽസിപ്പൽ സിസ്റ്റർ വത്സ തെരേസ്, അധ്യാപകർ, വിദ്യാർഥികളിലെ ഗ്രീൻ ക്ലബ് അംഗങ്ങൾ എന്നിവർ പരിസ്ഥിതി ദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.