ചിറ്റൂർ കോളജ് വിദ്യാർഥികൾ വിതരണം ചെയ്തത് രണ്ടായിരം വിത്തുരുളകൾ
1300503
Tuesday, June 6, 2023 12:39 AM IST
ചിറ്റൂർ: വ്യത്യസ്തമായൊരു പരിസ്ഥിതി സംരക്ഷണ പരിപാടിയുമായി ഗവ. കോളജ് ചിറ്റൂർ ഭൂമിത്രസേന ക്ലബ്. ‘നല്ലതിനായ് വലിച്ചെറിയാം’ എന്ന പ്രമേയമൊരുക്കി രണ്ടായിരത്തോളം വിത്തുരുളകൾ പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്തു. വിത്തുരുളകൾ കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും മറ്റ് പൊതുജനങ്ങൾക്കുമായി വിതരണം ചെയ്തു. പരിപാടി കോളജ് പ്രിൻസിപ്പൽ കെ. ബേബി ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് ഭൂമിത്ര സേന കോളജ് കണ്‍വീനർ കെ. പ്രദീഷാണ് നേതൃത്വം നല്‍കിയത്. മണ്ണിൽ ചാണകപ്പൊടിയും ചകിരിച്ചോറും ചേർത്ത് കുഴച്ച മണ്ണിൽ വിത്ത് നിക്ഷേപിച്ച് ഉരുട്ടിയെടുത്താണ് വിത്തുരുള തയ്യാറാക്കിയത്. വിത്തുരുളക്കായി ഇത്തവണ വേപ്പിൻ വിത്താണ് ഏറെയും ഉപയോഗപ്പെടുത്തിയിട്ടുള്ളത്. കൂടാതെ മാവിന്റെയും ചക്കയുടെയും വിത്തുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കടലാസിൽ പൊതിഞ്ഞ് നല്കുന്ന വിത്തുരുള ആളുകൾ വലിച്ചെറിയും. അത് മഴപെയ്യുന്പോൾ അലിഞ്ഞ് ഭൂമിയോട് ചേരും. വിതരണത്തിൽ അറുപത് വിദ്യാർഥികൾ പങ്കെടുത്തു.