വിദൂര ഉൗരുകളിലേക്ക് കേബിൾ വഴി വൈദ്യുതീകരണം പുരോഗമിക്കുന്നു
1299925
Sunday, June 4, 2023 7:12 AM IST
അഗളി: അട്ടപ്പാടിയിലെ വിദൂര ആദിവാസി ഉൗരുകളായ തടിക്കുണ്ട്, മുരുഗള, കിണറ്റുകര, പാലപ്പട, താഴെ ആനവായ്, മേലേ ആനവായ്, കടുക്മണ്ണ എന്നീ ഉൗരുകളിലേക്ക് കേബിൾ വഴി വൈദ്യുതീകരണം അതിവേഗം പുരോഗമിക്കുന്നു. ചിണ്ടക്കിയിൽ നിന്നും 15 കിലോമീറ്റർ മണ്ണിനടിയിലൂടെ കേബിൾ സ്ഥാപിച്ചാണ് 11 കെവി സപ്ലൈ എത്തിക്കുന്നത്.
നിബിഡ വനത്തിലൂടെയുള്ള വൈദ്യുതീകരണം കേബിൾ വഴി ആയതിനാൽ മരങ്ങൾ കടപുഴകി വീണും ലൈൻ പൊട്ടിയുമുള്ള വൈദ്യുതി തടസം ഇനിയുണ്ടാവില്ല. നാല് വിതരണ ട്രാൻസ്ഫോർമറുകൾ 8547 മീറ്റർ എൽടി എബിസി കേബിൾ എന്നിവയാണ് വിതരണ ശൃംഖലയിൽ ഉള്ളത്. 206 എ ടൈപ്പ് ഇരുന്പ് തൂണുകളും145 കോണ്ക്രീറ്റ് തൂണുകളും ആണ് ഇവിടെ ഉപയോഗിക്കുന്നത്.
പദ്ധതി സാക്ഷാത്കരിക്കുന്നതോടെ വൈദ്യുതി വിതരണ രംഗത്ത് വൻ കുതിച്ചു ചാട്ടമാകും വിദൂര ഉൗരികളിലുണ്ടാകുക. മണ്ണിനടിയിലൂടെ കേബിളിടുന്ന ജോലികൾ ദ്രുത ഗതിയിൽ നടക്കുന്നതിനാൽ. ചിണ്ടക്കിയിൽ നിന്ന് കടുകുമണ്ണ പ്രദേശത്തേക്കുള്ള ഗതാഗതം രാവിലെ എട്ടുമുതൽ വൈകുന്നേരം അഞ്ചുവരെ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി അഗളി ഇലക്ട്രിക്കൽ സെക്്ഷൻ അസിസ്റ്റന്റ് എൻജിനീയർ പി. മുരളീധരൻ അറിയിച്ചു.