ഒരുമയുടെ വിത്തെറിഞ്ഞ് നാടിന്റെ ഉത്സവമായി അട്ടപ്പാടിയിൽ കന്പളം
1297933
Sunday, May 28, 2023 3:16 AM IST
അഗളി : കുടുംബശ്രീയുടെ നേതൃത്വത്തിൽ ഷോളയൂർ പഞ്ചായത്തിലെ കള്ളക്കര ഉൗരിൽ സംഘടിപ്പിച്ച കന്പളം നാടിന്റെ ഉത്സവമായി. ആദിമ സംസ്കൃതികൾ വേരോടി നിൽക്കുന്ന മണ്ണിൽ കൃഷിയും മനുഷ്യനും തമ്മിലുളള അഭേദ്യമായ ബന്ധം ഒരിക്കൽ കൂടി ഉൗട്ടിയുറപ്പിക്കുന്നതായിരുന്നു കന്പളം.
കുടുംബശ്രീയുടെ നേതൃത്വത്തിൽ അഗളി അട്ടപ്പാടി ക്യാന്പ് സെന്ററിൽ സംഘടിപ്പിക്കുന്ന മില്ലറ്റ് കോണ്ക്ലേവിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കോണ്ക്ലേവിന്റെ രണ്ടാം ദിനമായ ഇന്നലെയാണ് കന്പളം സംഘടിപ്പിച്ചത്. വിവിധ ജില്ലകളിൽ നിന്നും കോണ്ക്ലേവിൽ പങ്കെടുക്കാനെത്തിയ പ്രതിനിധികളും സെമിനാറിൽ പങ്കെടുക്കാനെത്തിയ വിദഗ്ധരും ഉൾപ്പെടെയുളള സംഘം രാവിലെ 11.30ന് കള്ളക്കരയിലെത്തി.
ഉൗരിലെ കുടുംബശ്രീ അംഗങ്ങളായ വനിതകൾ സംഘത്തെ ആരതിയുഴിഞ്ഞ് സിന്ദൂരമണിയിച്ച് സ്വീകരിച്ചു. ഉഴുതു മറിച്ച മണ്ണിൽ ആട്ടവും പാട്ടുമായി ഒരുമയുടെ വിത്തെറിഞ്ഞു കൊണ്ടായിരുന്നു ആഘോഷങ്ങൾ. റാഗി, ചാമ, തിന, വരഗ്, അമര, തുവര തുടങ്ങിയ ചെറുധാന്യങ്ങളുടെ വിത്ത് കൂട്ടി കലർത്തി മണ്ണൂക്കാരൻ ഉഴുതു പാകപ്പെടുത്തിയ മണ്ണിലേക്ക് പ്രാർത്ഥനയോടെ വിത്തെറിഞ്ഞു.
തുടർന്ന് താള വാദ്യങ്ങളുടെ അകന്പടിയോടെ ഉൗരിന്റെ മക്കൾ തങ്ങളുടെ തനതു നൃത്തം ആരംഭിച്ചതോടെ ചുറ്റുമുണ്ടായിരുന്നവരും അതിൽ പങ്കു ചേർന്നു. സെമിനാറിൽ പങ്കെടുക്കാനെത്തിയ വിദഗ്ധ സംഘത്തിലെ അംഗങ്ങളായ ഷർമ്മിള ഓസ്വാൾ, നിഖില, എൻ.ആർ.എൽ.എം ഡെപ്യൂട്ടി ഡയറക്ടർ രമണ് വാദ്ധ്വ, എൻആർഎൽഎം നാഷണൽ മിഷൻ മാനേജർ ജയറാം കില്ലി, മില്ലറ്റ് മാജിക് ഫൗണ്ടർ ശ്യാമ ജാ എന്നിവരും നൃത്തം ചെയ്യുന്നവർക്കൊപ്പം ചേർന്നതോടെ നാട് ഉത്സവ ലഹരിയിലായി.
കൈകൊട്ടിയും ആടിയും പാടിയും ഒന്നര മണിക്കൂറോളം എല്ലാവരും കൃഷിയിടത്തിൽ ചെലവഴിച്ചു. കന്പളം കൂടാതെ ’അട്ടപ്പാടി ദ ലാൻഡ് ഓഫ് മില്ലറ്റ്സ് റീസ്റ്റോറിങ്ങ് ട്രഡീഷണൽ മില്ലറ്റ്സ് ഇൻ അട്ടപ്പാടി’, ’മില്ലറ്റ്സ് ആൻഡ് ബിസിനസ് ഓപ്പർച്യൂണിറ്റീസ്’, ’ലൈവ്ലിഹുഡ്സ് ത്രൂ മില്ലറ്റ്സ്’ എന്നീ വിഷയങ്ങളിൽ സെമിനാറുകളും സംഘടിപ്പിച്ചു. വൈകിട്ട് അട്ടപ്പാടിയിലെ കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.