അങ്കണവാടികൾക്ക് സോളർ പാനൽ വിതരണ പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു
1297932
Sunday, May 28, 2023 3:16 AM IST
ചിറ്റൂർ : ഓരോ അംഗനവാടികളിലും രണ്ടു കിലോ വാട്ട് സോളാർ പാനൽ സ്ഥാപിച്ചു നല്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി.
ചിറ്റൂർ നിയോജകമണ്ഡലത്തിലെ 226 അങ്കണവാടികൾ വൈദ്യുത പാചകത്തിലേക്ക് മാറ്റുന്നതിനുള്ള അംഗൻ ജ്യോതി ഉപകരണ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അങ്കണവാടികൾ വൈദ്യുത പാചകത്തിലേക്ക് മാറ്റുന്പോൾ ഇവർക്ക് വരുന്ന അധിക ചിലവ് ഒഴിവാക്കാനാണ് പദ്ധതി ആവിഷ്കരിക്കുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു. അങ്കണവാടി കെട്ടിട പ്രദേശത്ത് ലഭിക്കുന്ന വെയിലിന്റെ സാധ്യത കൂടി പഠിച്ചാണ് പദ്ധതി നടപ്പാക്കുക.
കേരളത്തെ 2050 ഓടെ കാർബണ് ന്യൂട്രലാക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായിട്ടാണ് സംയോജിത ശിശു വികസന പദ്ധതിയുടെ നിയന്ത്രണത്തിലുള്ള അങ്കണവാടികളെ സന്പൂർണ്ണ ഉൗർജ്ജ ക്ഷമത ഉള്ളതാക്കി മാറ്റുന്നതിന് എനർജി മാനേജ്മെന്റ് സെന്റർ അംഗൻജ്യോതി പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ പൈലറ്റ് പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് ചിറ്റൂർ നിയോജകമണ്ഡലത്തിലെ 226 അംഗനവാടികളിൽ ഗ്യാസ് ഉപയോഗിച്ചുള്ള പാചകരീതിയിൽ നിന്നും വൈദ്യുത പാചകത്തിലേക്ക് മാറ്റുന്നതിന്റെ ഉപകരണ വിതരണം നടത്തിയത്. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.മുരുകദാസ് അധ്യക്ഷത വഹിച്ചു.
പെരുമാട്ടി പട്ടഞ്ചേരി കൊഴിഞ്ഞാന്പാറ വടകരപതി എരുത്തേന്പതി പെരുവന്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റിഷാ പ്രേംകുമാർ, പി.എസ്. ശിവദാസ്, സതീഷ് എം.ജോസി ബ്രിട്ടോ, എസ്.പ്രിയദർശിനി, എസ്.ഹംസത്ത്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ എ.സുജാത, എസ്.മഹേഷ്, എൻ.കെ. മണികണ്ഠൻ, ബി.സിന്ധു എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഡോ.ആർ.ഹരികുമാർ, അനർട്ട് സിഇഒ നരേന്ദ്രനാഥ് വേലൂരി ഐഎഫ്എസ്, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ടിജു റേച്ചൽ തോമസ് എന്നിവർ സംസാരിച്ചു.