രാത്രികാലങ്ങളിൽ ജാഗ്രത വേണമെന്നു വനപാലകർ
1282487
Thursday, March 30, 2023 1:08 AM IST
ഒറ്റപ്പാലം: വനപാലകർ പറയുന്നു, രാത്രി കാലങ്ങളിൽ ജനാലകളും വാതിൽ പാളികളും തുറന്നിട്ട് ഉറങ്ങുന്നവർ ജാഗ്രതൈ... ചൂടു കൂടിയതോടെ മാളങ്ങൾ വിട്ട് പാന്പുകൾ തണുപ്പു തേടി പുറത്തിറങ്ങിത്തുടങ്ങിയിട്ടുണ്ട്.ഇവ ജനാലകൾ വഴിയും മറ്റും ഇഴഞ്ഞെത്താനുള്ള സാധ്യത ഏറെയാണ്.
കുട്ടികളും മറ്റും ഇടവഴിയിലും വരന്പിലും വീട്ടുമുറ്റത്തും തൊടിയിലും കളിക്കാനിറങ്ങുന്പോഴും ഏറെ ശ്രദ്ധിക്കണം. പാടശേഖരങ്ങളിലും വെള്ളം നനയുന്ന തണുപ്പുള്ള സ്ഥലങ്ങളിലുമാണു പാന്പുകൾ കൂടുതലായി എത്തുന്നത്.
വേനൽ മഴ പെയ്താലും കൂട്ടത്തോടെ പാന്പുകൾ പുറത്തിറങ്ങുന്ന സ്ഥിതിയുണ്ടാവും വെള്ളിക്കട്ടനും അണലിയുമാണു ഇതിൽ കൂടുതൽ. സന്ധ്യാസമയത്തും അതിരാവിലെയും വെളിച്ചം ഇല്ലാതെ പുറത്തിറങ്ങരുതെന്നും തണുപ്പുള്ള സ്ഥലങ്ങളിലും കരിയിലകളും മറ്റും കൂടിക്കിടക്കുന്ന സ്ഥലങ്ങളിലും കുട്ടികളെ കളിക്കാൻ വിടരുതെന്നും വനപാലകർ മുന്നറിയിപ്പു നൽകി.
വീടുകൾക്ക് ചുറ്റും ചപ്പുചവറുകൾ കൂട്ടിയിടരുതെന്നും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വേണം. വനാതിർത്തി പ്രദേശത്തെ വീടുകളിൽ താമസിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.