പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങി ബജറ്റ് അവതരണം
1280071
Thursday, March 23, 2023 12:25 AM IST
പാലക്കാട്: നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങി ബജറ്റ് അവതരണം. ബജറ്റ് അവലോകന റിപ്പോർട്ട് മുൻകൂറായി നൽകിയില്ലെന്ന് ആരോപിച്ചായി പ്രതിപക്ഷം ബഹളം വെച്ചത്. തുടർന്ന് പ്രതിപക്ഷാംഗങ്ങൾ ബജറ്റ് കീറിയെറിഞ്ഞു.
വൈസ് ചെയർമാൻ ഇ. കൃഷ്ണദാസായിരുന്നു ബജറ്റ് അവതരിപ്പിച്ചത്. ബജറ്റ് അവതരിപ്പിക്കാനായി ഉപാധ്യക്ഷൻ എഴുന്നേറ്റതും പ്രതിപക്ഷം ബഹളം വെയ്ക്കുകയായിരുന്നു.
ബജറ്റ് അവതരണത്തിന് മുൻപ് വരുമാനവും ചെലവുമായി ബന്ധപ്പെട്ട രേഖകൾ നൽകാറുണ്ടെന്നും ഇത് നൽകിയില്ലെന്നും ആരോപിച്ചായിരുന്നു പ്രതിപക്ഷ ബഹളം.
ആദ്യം ചെയറിന് മുൻപിൽ വട്ടം കൂടി പ്രതിപക്ഷാംഗങ്ങൾ ബഹളം തീർക്കുകയായിരന്നു.
ബജറ്റ് അവതരണം ആരംഭിച്ചത് മുതൽ അവസാനം വരെ പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളികളുമായി പ്രതിഷേധം തീർത്തു.
ഇതിനിടയിൽ പ്രതിപക്ഷാംഗങ്ങൾ ബജറ്റ് കീറിയെറിഞ്ഞു. ഭരണകക്ഷി അംഗങ്ങൾ ഇതിനെതിരെ പ്രതിരോധം തീർത്തതോടെ നേതാക്കൾ തമ്മിൽ വാക്കേറ്റമുണ്ടായി.
ആവശ്യമെങ്കിൽ ഒരു നാൾ അധികം ബജറ്റ് ചർച്ച ചെയ്യാമെന്ന് നഗരസഭ അധ്യക്ഷ പ്രിയ അജയൻ പറഞ്ഞെങ്കിലും പ്രതിപക്ഷം പിൻവാങ്ങിയില്ല. അതേസമയം ബജറ്റ് അവതരണം കഴിഞ്ഞതോടെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധ ജാഥ സംഘടിപ്പിക്കുകയും ബജറ്റ് രേഖ നഗരസഭ കവാടത്തിന് മുൻപിൽ കത്തിക്കുകയും ചെയ്തു.