ഓർമപ്പെടുത്തലുകളുമായി ജലദിനം
1279837
Wednesday, March 22, 2023 12:49 AM IST
പാലക്കാട്: മനുഷ്യരാശിയുടെ നിലനിൽപ്പിലേക്ക് ചില ഓർമപ്പെടുത്തലുകളുമായി ഒരു ലോക ജലദിനം കൂടി കടന്നുപോകുന്നു. മനുഷ്യന്റെ അശ്രദ്ധമായ ഓരോ ഇടപെടലുകളും ശുദ്ധജലത്തിന്റെ ലഭ്യതക്ക് വിഘാതം നിൽക്കുകയാണ്.
ലോകത്ത് ജലാശയങ്ങളിൽ പ്രതിദിനം ഇരുപത് ലക്ഷം ടണ് മാലിന്യങ്ങൾ തള്ളുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ പഠനം തെളിയിക്കുന്നത്. ലോകത്ത് മലിന ജലാശയങ്ങൾ ഏറെയുള്ളത് ഏഷ്യയിലാണ്. ഇന്ത്യയിലാവട്ടെ, ആകെയുള്ള ജല സ്രോതസ്സുകളിൽ നാൽപത് ശതമാനവും നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്.
വെള്ളത്തോടുള്ള നമ്മുടെ സമീപനത്തിൽ മാറ്റം വരേണ്ടതുണ്ടെന്നും ജീവന്റെ നിലനിൽപ്പ് വെള്ളത്തിലാണെന്നും ഇത് ഒരിക്കലും നശിപ്പിക്കേണ്ട ഒന്നല്ല എന്നും സമൂഹം തിരിച്ചറിയേണ്ടതുണ്ട്.
മഴവെള്ള സംഭരണം, കിണർ റീചാർജിംഗ്, മഴക്കുഴി നിർമാണം, വനവൽക്കരണം, വയൽ കൃഷി, കിണറിന്റെ പൂരിത മേഖലകളുടെ സംരക്ഷണം തുടങ്ങിയവ പഴയകാല പ്രവൃത്തികളിലൂടെ പലതും തിരിച്ചുപിടിക്കാനാകും എന്ന ഓർമപ്പെടുത്തലാകണം ഈ വർഷത്തെ ലോക ജലദിനാചരണം.