മാലിന്യ കൂന്പാരമായി ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ റോഡ്
1228090
Friday, October 7, 2022 1:03 AM IST
ഒറ്റപ്പാലം : ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള പാതയിൽ മാലിന്യകൂന്പാരം. ഒറ്റപ്പാലം ബസ് സ്റ്റാൻഡിനുസമീപം മാലിന്യം കെട്ടിക്കിടക്കുന്നതിന് ഒരു പരിഹാരവുമില്ലാത്ത സ്ഥിതിയാണ്. മൂക്കുപൊത്തിയല്ലാതെ ഒറ്റപ്പാലം ബസ് സ്റ്റാൻഡിലിറങ്ങി റെയിൽവേ സ്റ്റേഷനിലേക്കു പോകുന്ന യാത്രക്കാർക്കു സഞ്ചരിക്കാനാവില്ല.
പ്ലാസ്റ്റിക് മാലിന്യത്തിന്റെയും കവറിൽ കെട്ടി വലിച്ചെറിയുന്ന മാലിന്യത്തിന്റെയും കൂന്പാരമാണ് റോഡരികിലാകെയുള്ളത്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലേക്കും ബസ് സ്റ്റാൻഡിലേക്കും തിരിച്ചും വരുന്ന യാത്രക്കാർക്കാണ് മാലിന്യം ദുരിതമാവുന്നത്. ദുർഗന്ധംമൂലം ഈഭാഗത്തുകൂടി നടക്കാനാകാത്ത സ്ഥിതിയാണ്.
ഇവിടെ നിരവധി വീടുകളുമുണ്ട്. "ക്ലീൻ ഒറ്റപ്പാലം’ എന്നപേരിൽ മാലിന്യസംസ്കരണ പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന നഗരസഭയിലാണ് ഈ അവശിഷ്ടങ്ങൾ കുന്നുകൂടിക്കിടക്കുന്നത്. എല്ലായിടത്തെയും മാലിന്യം നീക്കി വൃത്തിയാക്കുമെന്ന് നഗരസഭാധികൃതർ പറയുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല.
മാലിന്യം തള്ളുന്നതു പിടികൂടാൻ കാമറകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ സ്ഥാപിച്ച കാമറകൾ തന്നെ പ്രവർത്തനക്ഷമമല്ല കാമറകളിൽ നിരീക്ഷണം നടത്തി മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താനുള്ള നടപടി നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുമില്ല.