മൂവാറ്റുപുഴ: നിർമല ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ദിന പരിപാടികൾക്ക് കോതമംഗലം രൂപത സോഷ്യൽ സർവീസ് നേതൃത്വം നൽകി. മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി എൻ.വി. രാജു ഉദ്ഘാടനം ചെയ്തു.
കോതമംഗലം രൂപത സോഷ്യൽ സർവീസ് ഡയറക്ടർ ഫാ. ജോർജ് പൊട്ടക്കൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ റവ. ഡോ, ആന്റണി പുത്തൻകുളം ആമുഖ സന്ദേശം നൽകി. എൻസിസി ഓഫീസർ ജോബി ജോർജ്, അപർണ അനൂപ് തുടങ്ങിയവർ ലഹരിവിരുദ്ധ സന്ദേശങ്ങൾ നൽകി.
മീങ്കുന്നം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ദിനാചരണം ലിറ്റിൽ ഫ്ളവർ എൽപി സ്കൂൾ പ്രധാനാധ്യാപകൻ സിബി മാത്യു ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.ടി. ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. റിട്ട. ബിപിഒ പി.കെ. രാജീവ് ബോധവത്കരണ ക്ലാസ് നയിച്ചു. ബിആർസി അധ്യാപിക ജോസ്മി തോമസ് പ്രതിജ്ഞ ചൊല്ലികൊടുത്തു. ജോഷി പോൾ, ഡേവിസ് പാലാട്ടി, എൽബി ജിബിൽ, വിജയ് ബേബി, എ.എം. മാത്യു എന്നിവർ പ്രസംഗിച്ചു.
കോതമംഗലം: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ കോതമംഗലം ടൗണ്‍ ചുറ്റി റാലി സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിജു ജോസഫ് റാലി ഉദ്ഘാടനം ചെയ്തു. ട്രാഫിക് എസ്ഐ സി.പി. ബഷീർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഘുരേഖ വിതരണവും ഉണ്ടായി.
മാർ അത്തനേഷ്യസ് കോളജിൽ എൻഎസ്എസ് യൂണിറ്റിന്റെയും ആന്റി നാർക്കോട്ടിക്സ് സെല്ലിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധദിനം ആചരിച്ചു. കൊച്ചി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അസി. ഡയറക്ടർ വേണുഗോപാൽ ജി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷത വഹിച്ചു.
അസി. എക്സൈസ് ഇൻസ്പെക്ടർ പി.കെ. ബാലകൃഷ്ണൻ നായർ, എംഎ കോളജ് ആന്റി നാർക്കോട്ടിക്സ് സെൽ കോ-ഓർഡിനേറ്റർ അസി. പ്രഫ. സജിൻ പോൾ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. എ.വൈ. എൽദോസ്, ഡോ. ഫെബ കുര്യൻ, സ്റ്റുഡന്റ്സ് കൗണ്‍സിലർ മീര എസ്. ചെന്പരത്തി എന്നിവർ പ്രസംഗിച്ചു.
ഇലഞ്ഞി: സെന്റ് ഫിലോമിനാസ് ജൂണിയർ കോളേജിൽ നടന്ന സമ്മേളനം വ്യവസായി വിനോയി ജോണ്‍ ഉദ്ഘാടനം ചെയ്തു. മദ്യവിരുദ്ധ ജനകീയ മുന്നണി മുൻ സംസ്ഥാന ജനറൽ കണ്‍വീനർ ഫാ. ജോണ്‍ എർണ്യാകുളത്തിൽ അധ്യക്ഷത വഹിച്ചു. ജേക്കബ് തുന്പയിൽ, ജോജു ജോസഫ്, മരിയ സൂസൻ എൽദോ, ക്രിസ് ജിനോ പാങ്ങോട്ട്, ശ്രീകല സോംകുമാർ, രഞ്ജിനി കെ.വി, ആൻ മരിയ ബാബു, കെസിയ എലിസബത്ത് മാത്യു എന്നിവർ പ്രസംഗിച്ചു.
വാഴക്കുളം: കദളിക്കാട് വിമല മാതാ ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണ മത്സരം, ലഹരിവിരുദ്ധ പ്രതിജ്ഞ, പ്രസംഗം തുടങ്ങിയവ സംഘടിപ്പിച്ചു. സ്കൂളിലെ വിവിധ ക്ലബ്ബുകൾ ഇതിന് നേതൃത്വം നൽകി. പ്രധാനാധ്യാപിക സിസ്റ്റർ സിനി പാറയ്ക്കൽ, എസ്പിസി, എൻസിസി കോ-ഓർഡിനേറ്റേഴ്സ് ജോയിസ് മാത്യു, സി.സി ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
വാഴക്കുളം: കദളിക്കാട് വിമലമാതാ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിലാണ് ലഹരി വിരുദ്ധ ദിനം ആചരിച്ചത്. പ്രിൻസിപ്പൽ സിസ്റ്റർ റെജിൻ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.
സ്കൗട്ട് ആന്റ് ഗൈഡ് അംഗങ്ങളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശവുമായി പ്ലക്കാർഡുകൾ നിർമിക്കുകയും ലഹരി വിരുദ്ധ റാലി നടത്തുകയും ചെയ്തു. എൻഎസ്എസ് വോളണ്ടിയർമാരുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പോസ്റ്റർ മേക്കിംഗ് മത്സരം നടത്തി.