സാധുകുടുംബങ്ങൾക്ക് ഭവനങ്ങൾ നിർമിച്ചുനൽകിയ ലൂക്കാ സാർ ഓർമയായി
1479139
Friday, November 15, 2024 3:58 AM IST
രാജാക്കാട്: രാജാക്കാട് മേഖലയിൽ നിർധനരായ 12 കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകുകയും ജീവകാരുണ്യ പ്രവർത്തനരംഗത്ത് നിസ്തുല സേവനങ്ങൾ നൽകുകയും ചെയ്ത പ്രഫ. എം.കെ. ലൂക്കാ(69) ഇനി ഓർമ. തൊടുപുഴ കരിങ്കുന്നം കൂലിയാനിക്കൽ കുര്യാക്കോസിന്റെയും മറിയാമ്മയുടെയും മകനായ ലൂക്ക കോട്ടയം ബിസിഎം കോളജിൽ അധ്യാപകനായിരുന്നു. ജോലിയിൽനിന്നു വിരമിച്ച ശേഷം അമേരിക്കയിലേക്ക് കുടിയേറി. ഏതാനും വർഷങ്ങളായി കോട്ടയത്തായിരുന്നു താമസം.
ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിൽ നിത്യസന്ദർശകനായിരുന്ന ഇദ്ദേഹം ഹൈറേഞ്ചിലെ നിരവധി സന്നദ്ധസംഘടനകൾക്ക് മാർഗദർശിയായിരുന്നു. ഹൈറേഞ്ചിലെ നിരവധി വിദ്യാർഥികളുടെ പഠനച്ചെലവ് ഏറ്റെടുത്ത് നടത്തി. തന്റെ മരണശേഷവും ഇവരുടെ വിദ്യാഭ്യാസ സഹായം തുടരുന്നതിനായി ഹെൽപ്പിംഗ് ഹാൻഡ്സ് എജ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ സംഘടനയ്ക്കും രൂപംകൊടുത്തു.
തന്റെ സ്വത്തിന്റെ ഒരു ഭാഗം ട്രസ്റ്റിന്റെ പേരിൽ എഴുതിവച്ചു. എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിനായി മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന സ്ഥാപനത്തിനായി നീലേശ്വരത്ത് 15 ഏക്കർ സ്ഥലം സൗജന്യമായി നൽകിയിരുന്നു. കാൻസർ രോഗബാധയെത്തുടർന്ന് കോട്ടയം കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രഫ. ലൂക്കാ ബുധനാഴ്ചയാണ് മരിച്ചത്.