കൊടുംവളവും കുത്തനെ കയറ്റവും പൊട്ടിപ്പൊളിഞ്ഞ റോഡും : യാത്ര അപകടകരം
1478605
Wednesday, November 13, 2024 3:50 AM IST
അടിമാലി: അടിമാലി അപ്സരകുന്ന് -തലമാലി റോഡില്‍ തലമാലി വെള്ളച്ചാട്ടത്തിന് സമീപത്തെ കൊടുംവളവില്‍ രൂപം കൊണ്ടിട്ടുള്ള കുഴി അപകടസാധ്യത വർധിപ്പിക്കുന്നു. അടിമാലിയില്‍നിന്നു കുരങ്ങാട്ടി, പീച്ചാട്, മാങ്കുളം മേഖലകളിലേക്ക് എളുപ്പത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന റോഡാണ് അടിമാലി അപ്സരകുന്ന് - തലമാലി റോഡ്.
ഈ റോഡില്‍ തലമാലി വെള്ളച്ചാട്ടത്തിന് സമീപമാണ് അപകട സാധ്യതയേറെയുള്ള കുത്തനെയുള്ള കയറ്റവും കൊടും വളവുമുള്ളത്. ഇതിനൊപ്പമാണിപ്പോള്‍ ഈ ഭാഗത്ത് റോഡില്‍ വലിയ കുഴികൂടി രൂപം കൊണ്ടിട്ടുള്ളത്. ഇതോടെ ഈ വളവിലൂടെയുള്ള വാഹനഗതാഗതം കൂടുതല്‍ ദുഷ്കരമായി.
വളവിലെ കുഴി അടയ്ക്കുകയും അപകടസാധ്യത ഒഴിവാക്കുകയും വേണമെന്നാണ് ആവശ്യം. അടിമാലിയില്‍നിന്നു മാങ്കുളത്തേക്കുള്ള വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ഇതുവഴി കടന്നുപോകുന്നുണ്ട്.
കൊടുംവളവും കുത്തനെയുള്ള കയറ്റവും മൂലം വഴിപരിചിതമല്ലാതെത്തുന്ന വാഹനയാത്രികര്‍ ഈ അപകടവളവില്‍ എത്തുമ്പോള്‍ പ്രതിസന്ധിയിലാകുന്ന സാഹചര്യവുമുണ്ട്. വളവില്‍ റോഡിന്റെ വീതിക്കുറവും വെല്ലുവിളിയാകുന്നു.
എസ് ആകൃതിയിലുള്ള വളവിന്റെ ഈ ഭാഗത്ത് കയറ്റവും വളവും കുറച്ച് വീതി വര്‍ധിപ്പിക്കുകയും അപകടസാധ്യത കുറയ്ക്കാന്‍ റോഡിന്റെ ഒരു ഭാഗത്ത് സുരക്ഷാഭിത്തി നിര്‍മിക്കുകയും വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.