ചന്ദനമോഷണം: നാലുപേര്‍ പിടിയില്‍
1479123
Friday, November 15, 2024 3:53 AM IST
മറയൂര്‍: മറയൂര്‍ ചന്ദന റിസര്‍വില്‍നിന്നു ജൂണിൽ ചന്ദനമരം മുറിച്ചുകടത്തിയ കേസില്‍ നാലുപേര്‍ പിടിയിലായി. ചന്ദന റിസര്‍വ് അന്പത്തിനാലില്നിന്നു ചന്ദനമരം മുറിച്ച് വില്‍പ്പന നടത്തിയ സംഭവത്തിലാണ് പ്രതികള്‍ പിടിയിലായത്. പുറവയല്കുടി സ്വദേശി ആര്. ഗോപാലന്, ഊഞ്ഞാമ്പാറക്കുടി സ്വദേശി ദീപകുമാര്‍, മറയൂര്‍ കരിമുട്ടിസ്വദേശി കെ.പി. സുനില്‍, പയസ് നഗര്‍ സ്വദേശി ടി.ജി. വിനോദ് എന്നിവരാണ് അറസ്റ്റിലായത്.
ഊഞ്ഞാമ്പാറ സ്വദേശി ദീപകുമാര്‍, പുറവയല്‍ കുടിയിലെ വെള്ളയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചന്ദനമരം മുറിച്ചുകടത്തിയത്. വനപാലകര്‍ക്ക് സൂചന ലഭിച്ച വിവരം അറിഞ്ഞ ദീപകുമാർ ഒളിവില്‍ പോകുകയായിരുന്നു. കൊടൈക്കനാലില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ദീപകുമാറിനെ ബുധനാഴ്ച അറസ്റ്റ് ചെയ്തു.
ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റു പ്രതികളെ പിടികൂടിയത്. ഇവര്‍ മുറിച്ച മരം പുറവയല്‍ കുടിയിലെ ഗോപാലന് വില്പന നടത്തുകയായിരുന്നു. ഗോപാലന്, സുനില്‍ എന്ന വ്യക്തിക്കും പിന്നീട് വിനോദിനും കൈമാറുകയായിരുന്നു.
പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു. മറയൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അബ്ജു കെ. അരുണ്‍, ഡെപ്യൂട്ടി റേഞ്ചര്‍ വി.ആർ. ശ്രീകുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ. രാജു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ രോഹിത് എം. രാജ്, തോമസ് മാത്യു, ഷിജിന് ലാല്‍, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.