നേര്യമംഗലം മേഖലയില്‍ കാട്ടാനകളുടെ സാന്നിധ്യം വര്‍ധിക്കുന്നു : ഭീതിയിൽ വാഹനയാത്രക്കാർ
1479119
Friday, November 15, 2024 3:53 AM IST
അടിമാലി: ദേശീയപാത 85 കടന്നു പോകുന്ന നേര്യമംഗലം മേഖലയില്‍ കാട്ടാനകളുടെ സാന്നിധ്യം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം നേര്യമംഗലം ഫോറസ്റ്റ് ഓഫീസിന് സമീപം ദേശീയപാതയിലൂടെയെത്തിയ വാഹനയാത്രികര്‍ കാട്ടാനയുടെ മുമ്പില്‍പ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
കഴിഞ്ഞ വേനല്‍ക്കാലത്ത് കാട്ടാനകള്‍ നിരവധി തവണ ദേശീയപാതയില്‍ ഇറങ്ങുകയും ഗതാഗത തടസമുണ്ടാക്കുകയും ചെയ്തിരുന്നു. ഒരുതവണ ഇരുചക്ര വാഹനയാത്രികന് കാട്ടാന ആക്രമണത്തില്‍നിന്നു കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. രാത്രികാലത്തും കാട്ടാനകള്‍ റോഡില്‍ ഇറങ്ങുന്ന സ്ഥിതിയുണ്ട്. വനമേഖലയെങ്കിലും മുമ്പ് കാട്ടാനകള്‍ ഇത്രത്തോളം റോഡിലേക്കിറങ്ങുന്ന സ്ഥിതി ഉണ്ടായിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
രാപകല്‍ വ്യത്യാസമില്ലാതെ വാഹനത്തിരക്കുള്ള ഇടമാണ് നേര്യമംഗലം മേഖല.ഇരുചക്രവാഹനയാത്രികരടക്കം രാത്രികാലത്തും ഇതുവഴി സഞ്ചരിക്കാറുണ്ട്. വേനല്‍ കനക്കുന്നതോടെ ദേശീയപാതയില്‍ കാട്ടാനകളുടെ സാന്നിധ്യം വര്‍ധിച്ചാല്‍ നേര്യമംഗലം വനമേഖലയിലൂടെയുള്ള യാത്ര കൂടുതല്‍ ദുഷ്കരമാകും.