കേഡറ്റുകൾക്ക് ആവേശമായി മന്ത്രി റോഷി ന്യൂമാൻ കോളജിൽ
1478598
Wednesday, November 13, 2024 3:38 AM IST
തൊടുപുഴ: കേഡറ്റുകൾക്ക് ആവേശമായി മന്ത്രി റോഷി അഗസ്റ്റിൻ ന്യൂമാൻ പ്രീ ആർഡിസി-1, എൻസിസി ക്യാന്പ് സന്ദർശിച്ചു. 2025 റിപ്പബ്ലിക് ദിന പരേഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എൻസിസി ബാന്റിന്റെ പ്രത്യേക പരിശീലനത്തിനായാണ് ന്യൂമാൻ കോളജിൽ ക്യാന്പ് സംഘടിപ്പിച്ചിരിക്കുന്നത്.
കേരളത്തിൽനിന്ന് ആദ്യമായി റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുക്കുന്ന വനിതാ എൻസിസി ബാന്റ് സംസ്ഥാനത്തിന് അഭിമാനമാണെന്നും സ്ത്രീശക്തികരണത്തിന്റെ ഉത്തമ മാതൃകയാണെന്നും ഭാവിയിൽ ഇത്തരം സംരംഭങ്ങൾക്ക് ആവശ്യമായ കൂടുതൽ സജ്ജീകരണങ്ങൾ ക്രമീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് 18 കേരള ബറ്റാലിയനാണ് ക്യാന്പ് സംഘടിപ്പിച്ചിരിക്കുന്നത്. ലഫ്. കേണൽ അനിരുദ്ധ് സിംഗ് നയിക്കുന്ന ക്യാന്പിൽ അസോസിയേറ്റ് എൻസിസി ഓഫീസർ ക്യാപ്റ്റൻ പ്രജീഷ് സി. മാത്യു, നായിക് സുബൈദാർ ജി. വിനായഗം, ഹവീൽദാർ ഹേയ്തൻലോ മെസെൻ, ഇന്ത്യൻ ആർമി ബാന്റ് ഇൻസ്ട്രക്ടർമാരായ സുബൈദാർ ടോണി, ഹവീൽദാർ റിനോ പ്രവീണ്‍ കുമാർ എന്നിവരാണ് പരിശീലനം നൽകുന്നത്.
മന്ത്രിയെ ബർസാർ ഫാ. ബെൻസണ്‍ എൻ. ആന്റണി, കായികവിഭാഗം മേധാവി എബിൻ വിൽസണ്‍, കോളജ് മുൻ എൻസിസി ഓഫീസർ പ്രഫ. കെ.ഐ. ആന്റണി എന്നിവർ ചേർന്ന് സ്വീകരിച്ചു. ന്യൂമാൻ കോളജിലെ ഇക്കണോമിക്സ് വിഭാഗം മൂന്നാംവർഷ വിദ്യാർഥിനി എം.ആർ. രാധികയാണ് ടീമിനെ നയിക്കുന്നത്.