ഏഴാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരി തെളിഞ്ഞു
1479137
Friday, November 15, 2024 3:58 AM IST
കുട്ടിക്കാനം: മരിയൻ കോളജിലെ മാധ്യമ പഠനവിഭാഗവും കുട്ടിക്കാനം മെഡിയോസ് ടോക്കീസ് ഫിലിം സൊസൈറ്റിയും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ (കേരളം) യുടെയും പങ്കാളിത്തത്തോടെ മരിയൻ കോളജിൽ ഷീ നടത്തുന്ന ഏഴാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് പ്രശസ്ത മലയാള സിനിമാ താരവും മികച്ച അഭിനേത്രിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവുമായ വിൻസി അലോഷ്യസ് തിരി തെളിച്ചു. സ്ത്രീപക്ഷ സിനിമകൾ ആസ്പദമാക്കി ഷീ (സ്റ്റോറീസ് ഓഫ് ഹെർ എംപവർമെന്റ്) എന്നാണ് ഇത്തവണത്തെ കിഫിന്റെ പതിപ്പിന് പേര് നൽകിയിരിക്കുന്നത്.
കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. അജിമോൻ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാഴൂർ സോമൻ എംഎൽഎ, അഡ്മിനിസ്ട്രേറ്റർ ഫാ. ജോസഫ് പൊങ്ങന്താനത്ത്, അസി. അഡ്മിനിസ്ട്രേറ്റർ ഫാ. അജോ പേഴുംകാട്ടിൽ, രക്ഷാധികാരി പ്രഫ. എം. വിജയകുമാർ, ഡയറക്ടർ ഫാ. സോബി തോമസ് കന്നാലിൽ,
ആർട്ടിസ്റ്റിക് ഡയറക്ടർ ആൻസൻ തോമസ്, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കോട്ടയം റീജിയണൽ കോ-ഓർഡിനേറ്റർ ഷാജി അന്പാട്ട്, സ്റ്റുഡന്റ് കോ- ഓർഡിനേറ്റർ എം. ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രസംഗിച്ചു. ചലച്ചിത്ര മേളയുടെ ഭാഗമായുള്ള ഫെസ്റ്റിവൽ ബുക്ക് വാഴൂർ സോമൻ എംഎൽഎ പ്രകാശനം ചെയ്തു.
സ്ത്രീ, സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികളെയും അതിനെ അതിജീവിക്കാൻ അവർ നടത്തുന്ന തീവ്രമായ ജീവിത സമരങ്ങളെയും അടയാളപ്പെടുത്തുന്ന ചലച്ചിത്രങ്ങളാണ് ഈ വർഷം മേളയിൽ പ്രദർശിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള പത്തോളം ചിത്രങ്ങൾ മേളയുടെ ഭാഗമാകും. മേളയിൽ ഓപ്പണ്‍ ഫോറത്തിൽ സംവിധായിക പി.ടി. രതീന മുഖ്യാതിഥിയായിരിക്കും.