സ്പെഷൽ സ്കൂൾ കലോത്സവം: വെള്ളയാംകുടി ജേതാക്കൾ
1479126
Friday, November 15, 2024 3:53 AM IST
കട്ടപ്പന: റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെയും റോട്ടറി ആൻസ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ വെള്ളയാംകുടി അസീസി സ്പെഷൽ സ്കൂളിൽ നടത്തിയ കലോത്സവത്തിൽ വെള്ളയാംകുടി അസീസി സ്പെഷൽ സ്കൂൾ ഒാവറോൾ കിരീടം നേടി. അടിമാലി കാർമൽജ്യോതി സ്കൂൾ രണ്ടും പൈനാവ് അമൽജ്യോതി സ്കൂൾ മൂന്നും സ്ഥാനം കരസ്ഥമാക്കി. രാവിലെ നഗരസഭാ ചെയർപഴ്സൻ ബീന ടോമി കലോത്സവം ഉദ്ഘാടനം ചെയ്തു.
ഇടുക്കിക്കവലയിൽനിന്നാരംഭിച്ച റാലിയിൽ വിവിധ വേഷധാരികളായ കുട്ടികൾ അണിനിരന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു റാലി. റാലിയിലെ മികച്ച പ്രകടനത്തിന് വള്ളക്കടവ് സ്നേഹസദൻ സ്പെഷൽ സ്കൂൾ ഒന്നാം സ്ഥാനവും വെള്ളയാംകുടി അസീസി സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മിനി സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കലാകിരീടം കരസ്ഥമാക്കിയ അസീസി സ്കൂളിന് 10,000 രൂപയും ട്രോഫിയും മന്ത്രി സമ്മാനിച്ചു.
കാർമൽജ്യോതി സ്കൂളിന് രണ്ടാം സമ്മാനമായി 6000 രൂപയും ട്രോഫിയും അമൽജ്യോതി സ്കൂളിന് മൂന്നാം സമ്മാനമായി 3000 രൂപയും ട്രോഫിയും സമ്മാനിച്ചു. പങ്കെടുത്ത എല്ലാ സ്കൂളുകൾക്കും 2000 രൂപയും മെഡലും സമ്മാനിച്ചു.
സമാപന സമ്മേളനത്തിൽ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന പ്രസിഡന്റ് ബൈജു വേമ്പേനി, ബേബി ജോസഫ്, നഗരസഭാധ്യക്ഷ ബീന ടോമി, ജോസഫ് തോമസ്, യൂനസ് സിദ്ധിഖ്, പി.കെ. ഷാജി, സിസ്റ്റർ ആൽസീന, സിബിച്ചൻ ജോസഫ്, ബൈജു ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.