കലുങ്ക് അപകടാവസ്ഥയിൽ: മൂന്നു മാസമായിട്ടും നടപടിയില്ല
1477878
Sunday, November 10, 2024 3:53 AM IST
കട്ടപ്പന: ഇരട്ടയാർ വെട്ടിക്കാമറ്റം-പള്ളിക്കാനം റോഡിൽ വെട്ടിക്കാമറ്റം കലുങ്ക് ഇടിഞ്ഞ് അപകടാവസ്ഥയിലായിട്ട് മൂന്നു മാസം പിന്നിട്ടു. സർവീസ് ബസുകളും സ്കൂൾ ബസുകളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിലെ കലുങ്കാണ് സംരക്ഷണഭിത്തിയും അടിക്കെട്ടും തകർന്ന് ഏതു നിമിഷവും ഇടിഞ്ഞു വീഴുന്ന സ്ഥിതിയിൽ തുടരുന്നത്.
പ്രകാശ് - വെട്ടിക്കാമറ്റം സംസ്ഥാന പാതയുടെ ഭാഗമാണിത്. കഴിഞ്ഞ ജൂലൈ 25 നാണ് കനത്ത മഴയിൽ ഇരട്ടയാർ വെട്ടിക്കാമറ്റത്തിന് സമീപം കലുങ്കിന്റെ അടിഭാഗത്തെ കൽകെട്ട് ഇടിഞ്ഞ് നിലം പതിച്ചത്.
റോഡിലെ ടാറിംഗ് ഇളകി, പുറമെ നോക്കുമ്പോൾ ചെറിയ ഒരു കുഴിയായി മാത്രമേ കാണുന്നുള്ളെങ്കിലും കലുങ്കിൻ്റെ അടിഭാഗം അപ്പാടെ തകർന്ന് റോഡ് പൂർണമായും തകരുന്ന അവസ്ഥയാണ്.അപകട മുന്നറിയിപ്പിനായി റിബൺ കെട്ടി വീപ്പയും മറ്റും വച്ചിരുന്നെങ്കിലും ഇതിപ്പോൾ വാഹനങ്ങൾ തട്ടി വഴിയോരത്തേക്ക് മാറ്റപ്പെട്ടു. വളവു കൂടി ആയതിനാൽ ഡ്രൈവർമാർക്ക് റോഡ് തകർന്നത് പെട്ടെന്ന് ശ്രദ്ധയിൽ പെടില്ല.
കലുങ്കിന്റെ അടിഭാഗത്തേ കല്ലും മണ്ണും ഒലിച്ച് പോയതോടെ അപകട സ്ഥിതി രൂക്ഷമായി. വൻ ദുരന്തത്തിന് കാത്തു നിൽക്കാതെ റോഡിന്റെ അപകടാവസ്ഥ പരിഹരിക്കാൻ കലുങ്ക് പുനർ നിർമിക്കണമെന്ന ആവശ്യം ശക്തമാണ്.