എക്സൈസ് ഡിവിഷൻ ഓഫീസ് ജില്ലാ ആസ്ഥാനത്തേക്ക്
1478126
Monday, November 11, 2024 4:07 AM IST
ചെറുതോണി: തൊടുപുഴയിൽ പ്രവർത്തിച്ചിരുന്ന എക്സൈസ് ജില്ലാ (ഡിവിഷൻ) ഓഫീസ് അവസാനം ജില്ലാ ആസ്ഥാനത്തെത്തി. എല്ലാ സർക്കാർ ഓഫീസുകളുടെയും ജില്ലാ ഓഫീസുകൾ ജില്ലാ ആസ്ഥാനത്ത് പ്രവർത്തിക്കണമെന്നാണ് സർക്കാർ തീരുമാനം. ഇതിന് വിരുദ്ധമായി തൊടുപുഴയിൽ പ്രവർത്തിച്ചിരുന്ന എക്സൈസ് ഡിവിഷൻ ഓഫീസാണ് അവസാനം ജില്ലാ ആസ്ഥാനത്തെത്തിയത്.
തൊടുപുഴയിൽനിന്നു ഓഫീസ് മാറ്റുന്നതിന് തടസമായിരുന്നത് ഉദ്യോഗസ്ഥരാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഡിവഷൻ ഓഫീസിനായി കുയിലിമലയിൽ കളക്ട്രേറ്റിന് സമീപം വർഷങ്ങൾക്ക് മുമ്പേ എക്സൈസ് സമുച്ചയം നിർമിച്ചിരുന്നു.
2021ൽ ജില്ലാ കളക്ടറും മുൻ മന്ത്രി എം.എം. മണിയും എക്സൈസ് ഡിവിഷൻ ഓഫീസ് ജില്ലാ ആസ്ഥാനത്തേക്ക് മാറ്റണമെന്ന് നിർദേശിച്ചിരുന്നു. ഓഫീസിൽ ഇ-ഫയൽ സംവിധാനമൊരുക്കുന്നതിന് കാലതാമസമുണ്ടെന്ന കാരണം പറഞ്ഞാണ് ഉദ്യോഗസ്ഥർ ഓഫീസ് മാറ്റം തടഞ്ഞിരുന്നത്.
ലക്ഷങ്ങൾ മുടക്കി ഓഫീസിന്റെ പ്രവർത്തനങ്ങൾക്കാവശ്യമുള്ള എല്ലാ കാര്യങ്ങളും പൂർത്തിയാക്കിയാണ് ഡിവിഷനൽ ഓഫീസ് ജില്ലാ ആസ്ഥാനത്തെത്തിച്ചിരിക്കുന്നത്. ഇനി മുതൽ എക്സൈസ് ജില്ലാ ഓഫീസ് കളക്ട്രേറ്റിന് സമീപമുള്ള എക്സൈസ് കോംപ്ലക്സിൽ പ്രവർത്തിക്കും.