അമിത വേഗത്തിൽ ബസുകൾ: ഭീതിയോടെ യാത്രക്കാർ
1478555
Tuesday, November 12, 2024 7:40 AM IST
തൊടുപുഴ: വിവിധ മേഖലകളിൽനിന്നും തൊടുപുഴ നഗരത്തിലേക്കെത്തുന്ന സ്വകാര്യ ബസുകളുടെ അമിത വേഗം യാത്രക്കാരിൽ ഭീതിയുയർത്തുന്നു. ഇന്നലെ തൊടുപുഴ-മൂവാറ്റുപുഴ റോഡിലെ റോട്ടറി ജംഗ്ഷനിൽ സ്വകാര്യ ബസ് ഇവിടെ പാർക്കു ചെയ്തിരുന്ന കാറിലിടിച്ച് അപകടമുണ്ടായി.മത്സരയോട്ടത്തെത്തുടർന്നാണ് പല സ്വകാര്യ ബസുകളും നഗരത്തിലൂടെ അമിത വേഗത്തിൽ സഞ്ചരിക്കുന്നത്.
അമിതവേഗത്തിലെത്തുന്ന ബസുകൾ അപകടത്തിനിടയാക്കുന്നുവെന്ന പരാതിയും ശക്തമായിട്ടുണ്ട്. മൂവാറ്റുപുഴ, കരിമണ്ണൂർ, പൂമാല തുടങ്ങിയ മേഖലകളിൽനിന്നെത്തുന്ന ബസുകളാണ് നഗരത്തിലെത്തുന്നതോടെ അമിത വേഗത്തിൽ പായുന്നത്.
ഈ റൂട്ടുകളിലുള്ള സ്റ്റോപ്പുകളിൽനിന്നു യാത്രക്കാരെ കയറ്റുന്നതിനാണ് അമിത വേഗത്തിൽ വാഹനങ്ങൾ പായുന്നത്. റോഡിലൂടെ പോകുന്ന ചെറുവാഹന യാത്രക്കാരെ ഭീതിപ്പെടുത്തിയാണ് ബസുകളുടെ പരക്കം പാച്ചിൽ.
വലിയ ശബ്ദത്തിൽ ഹോണ്‍ മുഴക്കിയാണ് ചീറിപ്പായുന്നത്. പലപ്പോഴും ഇരു ചക്രവാഹനങ്ങളെയും മറ്റും തൊട്ടു ചേർന്നാണ് ബസുകൾ പാഞ്ഞു പോകുന്നത്. കാൽനടയാത്രക്കാരും ഭയത്തോടെയാണ് റോഡുകളിലൂടെ സഞ്ചരിക്കുന്നത്.
നേരത്തേ ബസുകളുടെ അമിത വേഗം സംബന്ധിച്ച് വ്യാപക പരാതി ഉയർന്നതോടെ മോട്ടോർ വാഹന വകുപ്പും പോലീസും നിരീക്ഷണം നടത്തിയിരുന്നു. ഇതത്തുടർന്ന് ഏതാനും നാൾ അമിതവേഗത്തിനു നിയന്ത്രണം വരികയും ചെയ്തു. ഇപ്പോൾ അധികൃതരുടെ നിരീക്ഷണവും പരിശോധനയും ഇല്ലാതായതോടെ വീണ്ടും നഗരത്തിലൂടെ അമിത വേഗത്തിലാണ് ബസുകൾ പായുന്നത്.
ബസുകളുടെ വേഗം നിയന്ത്രിക്കാനുള്ള വേഗപ്പൂട്ടും പല വാഹനങ്ങൾക്കും ഇല്ലാത്ത അവസ്ഥയാണ്.