കർഷകർ ഇരകളല്ല; നാടിന്റെ നട്ടെല്ല്
1467566
Saturday, November 9, 2024 4:00 AM IST
അടിമാലിയിലും പരിസരപ്രദേശങ്ങളിലുമായി ഏലക്ക സംഭരണവുമായി ബന്ധപ്പെട്ട് നടന്ന വൻ തട്ടിപ്പിനിരയായി കണ്ണീരും ഗദ്ഗദങ്ങളുമായി കഴിയുന്ന കുടിയേറ്റകർഷകരുടെ കദനകഥ ദീപിക കഴിഞ്ഞ നാലുദിവസമായി പ്രസിദ്ധീകരിച്ചുവരികയായിരുന്നു. ദുരിതത്തിലായ കർഷകരുടെ ജീവിതത്തിലേക്ക് വെളിച്ചംവീശിയ പരന്പര സംബന്ധിച്ച് വിവിധ തുറകളിലുള്ളവരുടെ പ്രതികരണങ്ങളിലേക്ക്...
പിന്നിലുള്ളവരെ കണ്ടെത്തണം
ഇത് കേവലമൊരു തട്ടിപ്പ് മാത്രമായി കാണാനാവില്ല. ഇതിനു പിന്നിൽ തീവ്രവാദ പ്രവർത്തനമുണ്ടെന്നു സംശയിക്കുന്നു. ഇപ്പോൾ അറസ്റ്റിലായ പ്രതിയുടെ പിന്നിലുള്ളവരെയും കണ്ടെത്തണം. ആറു മാസത്തോളം ഏലക്ക വാങ്ങാൻ ആര് പണം നൽകി.
അവസാനം സമാഹരിച്ച കോടികളുടെ ഏലക്ക എവിടെപ്പോയി. മുഖ്യപ്രതിയുടെ ഡ്രൈവറുടെ ദുരൂഹ സാഹചര്യത്തിലെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ തുടങ്ങിയ കാര്യങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം.
ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ
(ജനറൽ കണ്വീനർ, ഹൈറേഞ്ച്
സംരക്ഷണസമിതി)
വഞ്ചിതരായത് മുന്നൂറോളം കർഷകർ
കർഷകർ നൽകിയ ഉത്പന്നത്തിന്റെ പണം അവർക്കു ലഭിക്കണം. എന്റെ അറിവിൽ മുന്നൂറോളം കർഷകർ വഞ്ചിതരായിട്ടുണ്ട്. അവർ അധ്വാനിച്ചുണ്ടാക്കിയ സന്പാദ്യമാണ് ചൂഷണത്തിനു വിധേയമായത്.
പ്രതിയുടെ പക്കൽനിന്നു കർഷകർക്ക് നഷ്ടമായ തുക തിരികെ ലഭിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണം.
സി.കെ. പ്രസാദ്
(ബ്ലോക്ക് പഞ്ചായത്തംഗം,
അടിമാലി)
ഇഡി അന്വേഷിക്കണം
200 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ പോലീസ് ലഭിച്ച പരാതികൾ കുറവാണ്. എല്ലാവർക്കും ജിഎസ്ടി ബില്ലുകൾ തട്ടിപ്പ് സംഘം നൽകിയിട്ടുണ്ട്.
അതിനാൽ ഏലക്ക എവിടെ വിൽപ്പന നടത്തിയെന്ന് സർക്കാർ അന്വേഷിക്കണം. ഇതു വിൽപ്പന നടത്തിയിട്ടുള്ള പണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്, അല്ലെങ്കിൽ ഏലക്ക എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്നതും കണ്ടെത്തണം.
തീവ്രവാദ പ്രവർത്തനത്തിന് ഫണ്ട് കണ്ടെത്താൻ വിദഗ്ധമായി ജനങ്ങളെ വഞ്ചിച്ചതായാണ് സൂചന. കേസിന്റെ അന്വേഷണം ഇഡിക്ക് കൈമാറണം.
സന്തോഷ് മാധവൻ
(എസ്എൻഡിപി പ്രതിനിധി)
മക്കളുടെ വിവാഹം മുടങ്ങി
പലരോടും സംഘടനാതലത്തിൽത്തന്നെ ഇവർക്ക് ഏലക്ക കൊടുക്കരുത്, ഇങ്ങനെ ഒരു കച്ചവടം ഇല്ല തട്ടിപ്പാണ് എന്ന് വ്യക്തമായി പറഞ്ഞിരുന്നു. എന്നാൽ പലരും ചതിയിൽ വീണുപോയി.ആദ്യമൊക്കെ കൂടുതൽ പണം നൽകി കർഷകരെ സ്വാധീനിച്ചു.
പിന്നീടാണ് കൂടുതൽ ആളുകളെ ഇതിലേക്ക് ആകർഷിച്ചത്. ഇതിനു പിന്നിൽ ഒരു വ്യക്തി തന്നെയാണോ എന്ന് അന്വേഷിക്കണം. ചില കർഷകരുടെ മക്കളുടെ വിവാഹം വരെ മുടങ്ങിയിരിക്കുകയാണ്.
ഇത്തരം കാര്യങ്ങളിൽ സർക്കാർ കർക്കശ നിലപാട് സ്വീകരിക്കണം. ജില്ലയിൽ മൂന്നോ നാലോ വർഷം കൂടുന്പോൾ ഇത്തരം തട്ടിപ്പുകൾ ആവർത്തിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ജനങ്ങളും ജാഗ്രത പുലർത്തണം.
കെ.ആർ. വിനോദ്
(കെവിവിഇഎസ് ജില്ല വർക്കിംഗ് പ്രസിഡന്റ്)
കിടപ്പാടം വരെ വിൽക്കേണ്ട അവസ്ഥ
ഏലക്ക തട്ടിപ്പ് കർഷകരെ സാന്പത്തികമായി തകർത്തുകളഞ്ഞു. കടംവീട്ടാൻ കിടപ്പാടം വരെ വിൽക്കേണ്ട സാഹചര്യമാണ് നിലവിൽ. നിത്യവൃത്തിക്ക് വകയില്ലാത്തവർ പോലും തട്ടിപ്പിനിരയായി.
വലിയ തുക പാട്ടം നൽകി ഏലത്തോട്ടം ഏറ്റെടുത്ത് പരിപാലിച്ചുവന്നവർ വലിയ കടക്കെണിയിലായി.
ഉള്ള സ്ഥലം വിറ്റും പലരും കടം വീട്ടേണ്ട സാഹചര്യവുമുണ്ട്. സംഭവത്തിന്റെ ഗൗരവം മനസിലാക്കി പോലീസും സർക്കാരും ഉണർന്നു പ്രവർത്തിക്കണം.
അലക്സ് തോമസ് (എസ്എംവൈഎം
സംസ്ഥാന പ്രസിഡന്റ്)
കർശന നടപടി വേണം
കർഷകർക്ക് നഷ്ടപ്പെട്ട പണം അവരുടെ കൈകളിൽത്തന്നെ എത്തണം. ഇടത്തരം കർഷകരാണ് കൂടുതലായും കൊന്നത്തടി പഞ്ചായത്തിലുള്ളത്. മോഹന വാഗ്ദാനം നൽകിയാണ് ഏലക്ക സംഭരിച്ചത്.
കൂടുതൽ ലാഭം പ്രതീക്ഷിച്ച് കർഷകർ ഈ തട്ടിപ്പിനിരയാകുകയായിരുന്നു.തട്ടിപ്പുകാർക്കെതിരേ കർശന നടപടിയുണ്ടാകണം.
രമ്യ റെനീഷ് (പ്രസിഡന്റ് കൊന്നത്തടി പഞ്ചായത്ത്)
തട്ടിപ്പുകേസ് മാത്രമായി ലഘൂകരിക്കരുത്
കോടിക്കണക്കിനു രൂപയുടെ തട്ടിപ്പാണ് നടന്നത്. നിരവധിപ്പേർ പരാതി നൽകിയിട്ടുണ്ടെങ്കിലും ഒരു തട്ടിപ്പ് കേസ് മാത്രമായി ഇതിനെ ലഘൂകരിക്കുകയാണ്. ഇത്രയും കോടി രൂപയുടെ ഏലക്ക എവിടെ വിറ്റു.
ഏതെങ്കിലും രാജ്യദ്രോഹ പ്രവർത്തനത്തിന് ഈ പണം ഉപയോഗിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളിൽ വ്യക്തമായ അന്വേഷണം വേണം. വെറുമൊരു തട്ടിപ്പ് കേസായി മാത്രം ഇതിനെ ദുർബലപ്പെടുത്താനാണ് അധികൃതർ ശ്രമിക്കുന്നത്.
വി.എൻ. സുരേഷ് (ബിജെപി ജില്ലാ ജനറൽ സെക്രട്ടറി)
കർഷകർ കടുത്ത പ്രതിസന്ധിയിൽ
തട്ടിപ്പിനുശേഷം നാട് അതിരൂക്ഷമായ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഒരാളുടെ കൈയിൽ പോലും പൈസയില്ലാത്ത സ്ഥിതിയായി.
കൃഷി മുന്നോട്ടു കൊണ്ടുപോകുന്നതിന് ആവശ്യമായ വളവും പ്രതിരോധമരുന്നും ഉൾപ്പെടെയുള്ളവ വാങ്ങാൻപോലും നിവൃത്തിയില്ലാതെ കർഷകർ നട്ടം തിരിയുകയാണ്.
ബിജു ജോസഫ് (കർഷകൻ)
ഭാര്യയുടെ വിദേശയാത്ര മുടങ്ങി
ഭാര്യയെ ജോലിക്കായി വിദേശത്തേക്ക് വിടുന്നതിനു മറ്റൊരാളിൽനിന്ന് എടുത്തു സൂക്ഷിച്ച ഏലക്കയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയത്. ഇതോടെ വിദേശയാത്രയും മുടങ്ങിയിരിക്കുകയാണ്.
പോലീസ് എഫ്ഐആർ ഇടാൻ തയാറാകുന്നില്ല. പരാതി മാത്രമാണ് സ്വീകരിക്കുന്നത്.
അതിനാൽ അന്വേഷണം തൃപ്തികരമല്ല. മറ്റ് ഏജൻസികൾ അന്വേഷിച്ചാലെ സത്യം പുറത്തുവരൂ.
ഫിലിപ്പ് വർഗീസ് (കർഷകൻ)
പിന്നിൽ കള്ളപ്പണത്തിന്റെ ഒഴുക്ക്
തുടക്കത്തിൽ ഇതു തട്ടിപ്പാണെന്ന് തിരിച്ചറിയാനായില്ല. പിന്നീടാണ് ഇതൊരു സംഘടിതമായ തട്ടിപ്പാണെന്ന് വ്യക്തമായത്. ഒരു ചെയിൻ പോലെയാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. സംഭവത്തിനു പിന്നിൽ കള്ളപ്പണത്തിന്റെ ഒഴുക്ക് നടന്നതായി സംശയിക്കുന്നു. ഇവരുടെ കൈകളിലേക്ക് വരുന്ന തുകകൾ ബാങ്ക് അക്കൗണ്ട് വഴിയല്ല എത്തുന്നത്.
പാറത്തോട്,പണിക്കൻകുടി, കൊന്പൊടിഞ്ഞാൽ എന്നീ മേഖലയിലുള്ള കർഷകർ പ്രതിസന്ധിയിലാണ്.സ്റ്റേഷനിൽ പരാതിയുമായി എത്തിയപ്പോൾ നിഷേധാത്മക മറുപടിയാണ് ലഭിച്ചത്. കേസന്വേഷണം പ്രഹസനമായി മാറും. സമഗ്രമായ അന്വേഷണത്തിന് കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കണം. നഷ്ടപ്പെട്ടുപോയ തുക തിരികെ ലഭിക്കാൻ അടിയന്തര നടപടിയുണ്ടാകണം.
ബോബൻ ജോസഫ് (കർഷകൻ)