തൂങ്ങിമരിച്ചെന്ന വ്യാജേന ആശുപത്രിയിലെത്തിച്ച യുവാവിന്റെ മരണം കൊലപാതകം
1467314
Friday, November 8, 2024 4:08 AM IST
പീരുമേട്: കുട്ടിക്കാനം പള്ളിക്കുന്ന് വുഡ് ലാൻഡ്സ് എസ്റ്റേറ്റിനു സമീപം യുവാവ് കൊല്ലപ്പെട്ടതു സഹോദരിയുടെ മകളുടെ പിറന്നാൾ ആഘോഷത്തിനിടെ ഉണ്ടായ ആക്രമണത്തിൽ. പള്ളിക്കുന്ന് വുഡ്ലാൻഡ്സ് എസ്റ്റേറ്റിൽ കൊല്ലമറ്റത്ത് ബാബുവിന്റെ മകൻ ബിബിൻ (29 ) കൊല്ലപ്പെട്ടത് ഉറ്റബന്ധുക്കളുടെ കൺമുന്നിലെന്നു പോലീസ് കണ്ടെത്തി. കസ്റ്റഡിയിലുള്ളവരുടെ മൊഴികളിലെ വൈരുധ്യത്തെത്തുടർന്നു രാത്രി വൈകിയും അവസാന പ്രതിപ്പട്ടികയ്ക്കു രൂപം നൽകാൻ പോലീസിനു കഴിഞ്ഞിട്ടില്ല.
ബിബിന്റെ സഹോദരി വിനീതയുടെ മകളുടെ പിറന്നാൾ ആഘോഷിക്കാൻ കുടുംബാംഗങ്ങൾക്കു പുറമേ വിനീതയുടെ പുരുഷ സുഹൃത്തുക്കൾ ഉൾപ്പെടെ എത്തിയിരുന്നു. ഇവിടെ വച്ചു ബിബിനും സഹോദരിയും തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവ് ക്രൂരമർദനത്തിന് ഇരയാകുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
നാഭിക്കു ചവിട്ടേറ്റു വീണ ബിബിന്റെ തലയ്ക്ക് അടിയേറ്റതോടെ മരണം സംഭവിക്കുകയായിരുന്നു. ഈ സമയം പിതാവും അമ്മാവനും ഉൾപ്പെടെയുള്ളവർ വീട്ടിലുണ്ടായിരുന്നു. എന്നാൽ ക്രൂരമർദനം മറച്ചുവച്ചു ബിബിനെ പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. വീട്ടിലെ ശുചിമുറിയിൽ കാവിമുണ്ടിൽ കെട്ടിത്തൂങ്ങി നിൽക്കുന്നതായി കണ്ടുവന്നായിരുന്നു ഡോക്ടർക്കു ബന്ധുക്കൾ മൊഴി നൽകിയിരുന്നത്.
പോസ്റ്റ് മോർട്ടത്തിലാണ് തലയ്ക്കു മർദനമേറ്റതായി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കളെയടക്കം പീരുമേട് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തലയ്ക്കു പിന്നിലും തലയുടെ മുകൾ ഭാഗത്ത് ഇരുവശങ്ങളിലും ശക്തമായ അടിയേറ്റതാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ ലഭിച്ച സൂചനകൾ. ജനനേന്ദ്രിയവും തകർന്ന നിലയിലായിരുന്നു.
ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് സ്ഥലത്തെത്തി ഫോറൻസിക് സർജൻ ഡോ. ആദർശ് രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. യുവാവ് മരിച്ചുകിടന്ന വീട് പരിശോധിച്ച ശേഷം പോലീസ് ഇതു അടച്ചുപൂട്ടി സീൽ ചെയ്തു.
ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. കോയമ്പത്തൂരിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ബിബിൻ ബാബു ദീപാവലി അവധി പ്രമാണിച്ചാണ് വീട്ടിലെത്തിയത്. പീരുമേട് പോലീസ് പ്രതികളെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്തുവരികയാണ്. ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.