മധുരവുമായി അവരെത്തി: കുട്ടികളെ അനുസ്മരിക്കാൻ
1467312
Friday, November 8, 2024 4:08 AM IST
മൂന്നാർ: മുതിരപ്പുഴയാറിന്റെ തീരത്തെ വിദ്യാർഥി സ്മാരകത്തിലേക്ക് ഇത്തവണയും പൊട്ടും വളകളും മിഠായികളും നെല്ലിക്കയും മറ്റുമായി ബന്ധുക്കളെത്തി. 40 വർഷം മുന്പ് മൂന്നാർ ഹൈറേഞ്ച് ക്ലബ്ബിനു സമീപത്തെ തൂക്കുപാലം തകർന്ന് മുതിരപ്പുഴയാറിൽ മുങ്ങിമരിച്ച മൂന്നാർ ഗവ. ഹൈസ്കൂൾ വിദ്യാർഥികളുടെ ബന്ധുക്കളാണ് ഇന്നലെ സംഭവത്തിന്റെ വാർഷികത്തോടനുബന്ധിച്ച് അപകട സ്ഥലത്തെ സ്മാരകത്തിലെത്തിയത്. 14 കുട്ടികളാണ് അന്ന് അപകടത്തിൽ മരിച്ചത്.
ഹൈറേഞ്ച് ക്ലബ് ഗ്രൗണ്ടിൽ ഇറങ്ങിയ ഹെലികോപ്ടർ കാണാൻ ഓടിയെത്തിയ കുട്ടികളാണ് പാലം തകർന്ന് മരിച്ചത്. മരിച്ച കുട്ടികളുടെ മാതാപിതാക്കളായിരുന്നു മുന്പ്, കുഞ്ഞുങ്ങൾക്ക് ഇഷ്ടപ്പെട്ട വിഭവങ്ങളുമായി ദുരന്ത സ്ഥലത്തെ സ്മാരകത്തിൽ എത്തിയിരുന്നത്. മൂന്നാർ ഗവ. വിഎച്ച്എസ്എസ് പൂർവ്വ വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് എം. ഭൗവ്യ ഉദ്ഘാടനം ചെയ്തു. ഹൈറേഞ്ച് മർച്ചന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് രാജൂ ശ്രീലക്ഷ്മി അധ്യക്ഷത വഹിച്ചു. മൂന്നാർ എഇഒ സി.ശരവണൻ, സണ്ണി ഇലഞ്ഞിക്കൽ, ആർ.മോഹൻ, എം.വിശ്വനാഥ്, കെ.എ. മജീദ്, എം. സെന്തിൽ, സലീമ സലിം, മുഹമ്മദ് കനി, ടി.എ.ചന്ദ്രൻ, എസ്.സജീവ് എന്നിവർ പ്രസംഗിച്ചു.