ജില്ലയിൽ തപാൽ വിതരണം വൈകും : തൊടുപുഴ സോർട്ടിംഗ് ഓഫീസ് അടച്ചുപൂട്ടുന്നു
1467309
Friday, November 8, 2024 3:55 AM IST
തൊടുപുഴ: പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ തൊടുപുഴയിലെ സോർട്ടിംഗ് ഓഫീസ് അടച്ചു പൂട്ടലിന്റെ വക്കിൽ. രാജ്യത്ത് നടപ്പാക്കാൻ പോകുന്ന രജിസ്റ്റേർഡ്, സ്പീഡ് പോസ്റ്റ് ഓഫീസുകളുടെ ലയനത്തെ തുടർന്നാണ് തൊടുപുഴ സോർട്ടിംഗ് ഓഫീസ് കാലഹരണപ്പെടുന്നത്. ലയന നടപടികൾ പൂർത്തിയാകുന്നതോടെ ജില്ലയിലെ ഒരേയൊരു സോർട്ടിംഗ് ഓഫീസായ തൊടുപുഴ സോർട്ടിംഗ് ഓഫീസും മറ്റ് 11 ആർഎംഎസ് ഓഫീസുകളും ഇല്ലാതാകും. ഇതോടെ തപാൽ ഉരുപ്പടികൾ മേൽവിലാസക്കാരന് ലഭിക്കാൻ വൈകുമെന്നാണ് വിലയിരുത്തൽ.
നേരത്തേതന്നെ സ്പീഡ് പോസ്റ്റ്, പാർസൽ ഉരുപ്പടികളുടെ സോർട്ടിംഗ് തൊടുപുഴയിൽനിന്നു കൊച്ചിയിലേക്ക് മാറ്റിയിരുന്നു. ഇതുമൂലം ഇപ്പോൾത്തന്നെ ജില്ലയിൽ ഇത്തരം ഉരുപ്പടികളുടെ വിതരണത്തിൽ കാലതാമസം നേരിടുന്നുണ്ട്. രജിസ്റ്റേർഡ്, ഓർഡിനറി തപാലും ഇത്തരത്തിൽ മാറ്റി ഓഫീസ് പൂർണമായി അടച്ചു പൂട്ടാനാണ് ഇപ്പോൾ നീക്കം.
ഇതോടെ മൂവാറ്റുപുഴ, തൊടുപുഴ, കുമളി, കട്ടപ്പന, മൂന്നാർ തുടങ്ങി ഇടുക്കി, എറണാകുളം ജില്ലകളിലെ വിവിധ മേഖലകളിൽ തപാൽ വിതരണത്തിന്റെ കാര്യക്ഷമത ഗണ്യമായി കുറയും.
മുപ്പതു വർഷത്തിനു മുന്പാണ് തൊടുപുഴയിൽ സോർട്ടിംഗ് ഓഫീസ് ആരംഭിച്ചത്. ഇടുക്കി ജില്ലയ്ക്കു പുറമേ മൂവാറ്റുപുഴ, വാഴക്കുളം, കല്ലൂർക്കാട്, പോത്താനിക്കാട് എന്നിവിടങ്ങളിൽനിന്നുള്ള തപാൽ ഉരുപ്പടികളും ഇവിടെനിന്നാണ് തരംതിരിച്ചയയ്ക്കുന്നത്. ദിവസേന അയ്യായിരത്തോളം രജിസ്റ്റേർഡ് കത്തുകളാണ് ഇവിടെനിന്നും സോർട്ട് ചെയ്യുന്നത്.
കൂടാതെ സർക്കാർ കത്തുകൾ, പ്രസിദ്ധീകരണങ്ങൾ ഉൾപ്പെടെ കാൽ ലക്ഷത്തോളം തപാൽ ഉരുപ്പടികളും ഇവിടെയെത്തിയ ശേഷമാണ് മേൽവിലാസക്കാരന്റെ പക്കലെത്തുന്നത്. 24 മണിക്കൂറാണ് ഓഫീസിന്റെ പ്രവർത്തനം. മുപ്പതോളം സ്ഥിരം പോസ്റ്റൽ ജീവനക്കാരും പത്തോളം ദിവസ വേതനക്കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്.
സ്ഥിരം ജിവനക്കാരെ മറ്റ് ഓഫീസുകളിലേക്ക് മാറ്റി നിയമിക്കും. ദിവസവേതനക്കാർക്ക് തൊഴിൽ നഷ്ടമാകുകയും ചെയ്യും. ഡിസംബർ എഴോടെ ഉത്തരവ് നടപ്പാക്കാനാണ് തീരുമാനം. ഇതോടെ രാജ്യത്ത് ഇല്ലാതാവുന്ന 216 ആർഎം എസ് ഓഫീസുകളോടൊപ്പം തൊടുപുഴ സോർട്ടിംഗ് ഓഫീസും ഓർമയായി മാറും.
മൂന്നു പതിറ്റാണ്ടായി തൊടുപുഴയിൽ പ്രവർത്തിച്ച ഓഫീസ് ഇല്ലാതാവുന്നതോടെ രാത്രിയിൽ ഉൾപ്പെടെ ലഭ്യമായിരുന്ന ബുക്കിംഗ് കൗണ്ടർ സേവനങ്ങളും ജില്ലയ്ക്ക് നഷ്ടമാവും. ഈ മേഖലകളിൽനിന്നു പുറത്തേക്ക് അയയ്ക്കുന്ന തപാലിനും ഇത്തരത്തിൽ താമസം നേരിടുന്ന സാഹചര്യം ഉണ്ടാകും.
ഈ സാഹചര്യത്തിൽ തപാൽ ഉരുപ്പടികൾ വേഗത്തിൽ ലഭ്യമാക്കാനുള്ള സ്പീഡ് പോസ്റ്റ് പ്രോസസിംഗ് സെന്റർ തൊടുപുഴയ്ക്ക് അനുവദിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ഓഫീസ് അടച്ചുപൂട്ടാനുള്ള തീരുമാനം ഉപേക്ഷിച്ചു കൂടുതൽ ശക്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണെങ്കിൽ സ്പീഡ് പോസ്റ്റ് ഉൾപ്പെടെയുള്ള ഉരുപ്പടികളുടെ പ്രോസസിംഗ് തൊടുപുഴ കേന്ദ്രീകരിച്ചു തന്നെ നടത്താൻ സാധിക്കുകയും ജില്ലയ്ക്ക് മികച്ച തപാൽ സേവനം ഉറപ്പാക്കുകയും ചെയ്യാനാവുമെന്നാണ് തപാൽ മേഖലയെ ആശ്രയിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.
നീക്കം ഉപേക്ഷിക്കണം: വ്യാപാരികൾ
തൊടുപുഴ: മുപ്പതു വർഷമായി തൊടുപുഴയിൽ പ്രവർത്തിച്ചു വരുന്ന തപാൽ വകുപ്പിന്റെ സോർട്ടിംഗ് ഓഫീസ് പൂട്ടുന്നത് ഈ മേഖലയിലെ തപാൽ ഉരുപ്പടികളുടെ വിതരണത്തിൽ കാലതാമസം നേരിടുമെന്നും ഇത് വ്യാപാരസമൂഹത്തിന് വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാൽ നീക്കം ഉപേക്ഷിക്കണമെന്നും തൊടുപുഴ മർച്ചന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഇതിനെതിരേ സമരം ആരംഭിക്കാനും ഓഫീസ് നിലനിർത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി, പി.ജെ.ജോസഫ് എംഎൽഎ, പോസ്റ്റ്മാസ്റ്റർ ജനറൽ എന്നിവർക്ക് കത്ത് അയയ്ക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് രാജു തരണിയിൽ അധ്യക്ഷത വഹിച്ചു.
സോർട്ടിംഗ് ഓഫീസ് നിർത്താനുള്ള നീക്കം ചെറുക്കും: എംപി
തൊടുപുഴ: വർഷങ്ങളായി പ്രവർത്തിച്ചുവരുന്നതും ജില്ലയിലെ തപാൽ ഉരുപ്പടികൾ തരംതിരിച്ച് അതത് പോസ്റ്റ് ഓഫീസുകളിലേക്ക് എത്തിച്ചിരുന്നതുമായ പോസ്റ്റൽ സോർട്ടിംഗ് ഓഫീസ് നിർത്തലാക്കുന്നതിനും കൊച്ചിൻ പോസ്റ്റൽ ഹബ്ബിലേക്ക് മാറ്റുന്നതിനുമുള്ള കേന്ദ്രനീക്കം ചെറുക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി.
കേന്ദ്ര സർക്കാരിന്റെ പുത്തൻ നയത്തിന്റെ ഭാഗമായി പൂട്ടുന്ന ഇരുന്നൂറിലധികം സോർട്ടിംഗ് ഓഫീസുകളുടെ പട്ടികയിൽ തൊടുപുഴയും ഉൾപ്പെട്ടതോടെ 2020 ഓഗസ്റ്റ് മൂന്നിന് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന് കത്തയക്കുകയും കേന്ദ്ര വകുപ്പ് മന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു.
ഇതേത്തുടർന്ന് 2020 ഓഗസ്റ്റ് 24ന് സിപിഎംജി കേരള സർക്കിൾ നൽകിയ മറുപടിയിൽ സോർട്ടിംഗ് ഓഫീസ് മാറ്റുന്നതുമൂലം തപാൽ വിതരണത്തിൽ യാതൊരു ബുദ്ധിമുട്ടും ജനങ്ങൾക്ക് ഉണ്ടാകില്ലെന്ന് അറിയിച്ചിരുന്നു.
ഇതിനെതിരേ തപാൽ വകുപ്പിലെ ഉന്നതവൃത്തങ്ങളെ സമീപിക്കുകയും കൊച്ചിൻ ഹബ്ബുമായി സംയോജിപ്പിക്കുന്ന നീക്കം മന്ദഗതിയിലാക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ നീക്കം വീണ്ടും സജീവമായപ്പോൾ കഴിഞ്ഞ ഒക്ടോബർ 29ന് കേന്ദ്രമന്ത്രി, പോസ്റ്റ് മാസ്റ്റർ ജനറൽ എന്നിവർക്ക് കത്തുകൾ അയച്ചെന്നും ഈ നീക്കത്തിനെതിരേ സമ്മർദം ചെലുത്തുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.