തൊടുപുഴ: മഞ്ഞുകാലം മനോഹരമാണെങ്കിലും പല രോഗങ്ങളുടെയും കാലം കൂടിയാണ്. ഇടുക്കിയെ സംബന്ധിച്ചു ഡിസംബര്‍ കടുത്ത മഞ്ഞിന്റെ സമയമായതിനാല്‍ പലവിധ രോഗങ്ങളും അലര്‍ജികളും ഇവിടെയുള്ളവരെ പിടിപെടാറുണ്ട്. ചര്‍മരോഗമാണ് ഇതില്‍ പ്രധാനം. ചര്‍മം വരഞ്ഞു പൊട്ടുക. ഉപ്പൂറ്റി വിണ്ടു കീറുക, ചൊറിച്ചില്‍ എന്നിവയാണ് സാധാരണയായി മഞ്ഞുകാലത്തു കാണുന്ന ചര്‍മരോഗങ്ങള്‍. ചിലപ്പോള്‍ അണുബാധയ്ക്കും കാരണമായേക്കാം.
പ്രതിവിധി
ചര്‍മം കൂടുതല്‍ സൂക്ഷിക്കുക. വരണ്ട്, വിണ്ടുകീറാനിടയാക്കരുത്. ഉപ്പൂറ്റി വിണ്ടുകീറി നടക്കാന്‍ ബുദ്ധിമുട്ടാകുന്ന അവസ്ഥവരെയെത്തിക്കരുത്. കാലുകള്‍ ഉരച്ചു കഴുകി വൃത്തിയാക്കണം. വരണ്ട ചര്‍മക്കാര്‍ സോപ്പ് ഒഴിവാക്കുന്നതാണു നല്ലത്. പതപ്പിക്കുന്ന സോപ്പ് ഒഴിവാക്കി ക്ലെന്‍സറുകള്‍ ഉപയോഗിക്കുക. കുട്ടികള്‍ക്കായി ലോഷനുകള്‍ ലഭ്യമാണ്.
കുളികഴിഞ്ഞ് എണ്ണ പുരട്ടുന്നതു നല്ലതാണ്. അല്ലെങ്കില്‍ മോയിസ്ചറൈസിംഗ് ക്രീമുകള്‍, ഗ്ലിസറിന്‍ , റോസ്വാട്ടര് മിശ്രിതം എന്നിവ ഉപയോഗിക്കാം. സാധാരണ ചര്‍മം ഉള്ളവര്‍ വിറ്റാമിന്‍ ഇ, അലോവേര ക്രീമുകള്‍ ഉപയോഗിക്കണം. കൂടുതല്‍ വരണ്ട ചര്‍മമുള്ളവര്‍ യൂറിയ, ലാക്ടിക് ആസിഡ്, അമോണിയം ലാക്ടേറ്റ് സംയുക്തം അടങ്ങിയ ക്രീമുകള്‍ ഉപയോഗിക്കാം.
പനി, തൊണ്ടവേദന
തണുപ്പുകാലത്തു വ്യാപകമായി കാണുന്ന മറ്റു ചില പ്രശ്നങ്ങളാണ് മൂക്കൊലിപ്പ്, തൊണ്ടവേദന, ചുമ, തലവേദന, ചെറിയ പനി എന്നിവ. കുട്ടികളെയാണ് ഇതു കൂടുതല്‍ പിടിപെടുന്നത്. 12 മാസത്തില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് ബ്രോങ്കിയോലൈറ്റിസും പിടിപെടാം. ചുമ രണ്ടാഴ്ചയോ അതില്‍ കൂടുതലോ നീളും.
ഇന്‍ഫ്ളുവന്‍സ (ഫ്ളൂ) ആണു മറ്റൊരു അസുഖം. കടുത്ത പനി, ചുമ, തൊണ്ടവേദന, തലവേദന, പേശീവേദന ഇവയാണു ലക്ഷണങ്ങള്‍. അഞ്ചു ദിവസം വരെ പനി കാണും. ഫ്ളുവിനെതിരെ ഇപ്പോള്‍ പ്രതിരോധ വാക്സിന് ലഭ്യമാണ്. 10 വയസില്‍ താഴെയുള്ള കുട്ടികളില്‍ വൈറസ് പരത്തുന്ന രോഗവും വരാം. കൈപ്പത്തിയിലും വിരലിലും വേദനയുള്ള കുമിളകള്‍ ഉണ്ടാകും. ഇതു മറ്റുള്ളവരിലേക്കു പകരുകയും ചെയ്യും. ന്യൂമോണിയയും മഞ്ഞുകാല രോഗമാണ്. തണുപ്പുകാലത്തു സ്കൂള്‍ കുട്ടികള്‍ക്കു തൊണ്ടയില്‍ അണുബാധയും പിടി
പെടാറുണ്ട്. പനി, തൊണ്ടവേദന, തലവേദന, വയറുവേദന, ഛര്‍ദ്ദി ഇവയുണ്ടാകും. രോഗം മാറാന്‍ ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കേണ്ടി വരും.
ശുചിത്വം പ്രധാനം
ഭക്ഷണത്തിനുമുന്‍പും ശുചിമുറി ഉപയോഗിച്ചതിനുശേഷവും യാത്രകള്ക്കിടയിലുമൊക്കെ സോപ്പ് ഉപയോഗിച്ചു കൈ കഴുകാന്‍ കുട്ടികളെ ശീലിപ്പിക്കുക. ഇത് ഇത്തരം രോഗങ്ങളില്‍നിന്നു സംരക്ഷിക്കും. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായയും തൂവാലകൊണ്ടു മൂടാനും പഠിപ്പിക്കുക. ചെറിയ കുഞ്ഞുങ്ങളെ തിരക്കുള്ള സ്ഥലങ്ങളില്‍ കൊണ്ടുപോകുന്നതു പരമാവധി ഒഴിവാക്കുക. അസുഖമുള്ള ആളുകളുടെ അടുത്തും കൊണ്ടുപോകരുത്.
തണുത്ത ഭക്ഷണം അരുത്
കുട്ടിക്ക് അസുഖം ഉണ്ടെങ്കില്‍ സ്കൂളിലും അയയ്ക്കരുത്. ആവശ്യമെങ്കില്‍ വൈദ്യസഹായം നിര്‍ബന്ധമായും തേടണം. തണുപ്പുകാലത്തു ഭക്ഷണത്തിലും അതീവ ശ്രദ്ധ വേണം. തണുത്ത ഭക്ഷണം പരമാവധി ഒഴിവാക്കണം. ചൂടു ഭക്ഷണമാണ് ശരീരത്തിനു വേണ്ടത്.വരണ്ട ചര്‍മമുള്ളവര്‍ ദിവസം ആറു മുതല്‍ 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ശീതളപാനീയങ്ങള്‍ ഒഴിവാക്കണം.