പാന്പാർ പുഴയിൽ കാൽ​വ​ഴു​തി വീണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​വ​രെ ര​ക്ഷി​ച്ചു
Friday, October 7, 2022 10:44 PM IST
മ​റ​യൂ​ർ: പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ പേ​ര​ക്കു​ട്ടി​ക​ളു​മാ​യി പാ​മ്പാ​ർ പു​ഴ​യു​ടെ തീ​ര​ത്തു​ള്ള തെ​ങ്കാ​ശി​നാ​ഥ​ൻ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നാ​യി പു​ഴ​യി​ലി​റ​ങ്ങി​യ​പ്പോ​ൾ ഒ​ഴു​ക്കി​ൽപ്പെട്ട ര​ണ്ടു​പേ​രെ ര​ക്ഷി​ച്ചു.
കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ർ​ത്തി​യി​ലു​ള്ള കോ​വി​ൽ​ക​ട​വ് പാ​മ്പാ​ർ പു​ഴ​യി​ലാ​ണ് അ​ക്യു​പ​ഞ്ച​ർ ഡോ​ക്ട​ർ രാ​മ​രാ​ജ്, പേ​ര​ക്കു​ട്ടി എ​ട്ടുവ​യ​സു​ള്ള അ​പ്പു എ​ന്നി​വ​ർ ഒ​ഴു​ക്കി​ൽ​പെ​ട്ട​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം.
ഇ​ന്ന​ലെ അ​പ്പു​വി​ന്‍റെ എ​ട്ടാം പി​റ​ന്നാ​ളാ​യി​രു​ന്ന​തി​നാ​ൽ രാ​മ​രാ​ജ് പേ​ര​ക്കു​ട്ടി​ക​ളാ​യ പ​പ്പു, അ​പ്പു എ​ന്നി​വ​രു​മാ​യി ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു. സ​മീ​പ​ത്തെ പാ​മ്പാ​ർ പു​ഴ​യി​ലി​റ​ങ്ങി കാ​ൽ ക​ഴു​കു​ന്ന​തി​നി​ടെ അ​പ്പു കാ​ൽ​വ​ഴു​തി വെ​ള്ള​ത്തി​ൽ വീ​ണു. അ​പ്പു​വി​നെ ര​ക്ഷി​ക്കാ​നാ​യി രാ​മ​രാ​ജ് വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ ഇ​രു​വ​രും ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് ഇ​രു​പ​തടി​യോ​ളം ദൂ​രം ഒ​ഴു​കി​പ്പോ​യി. അ​പ്പോ​ഴാ​ണ് പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​യ സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി.​എ​സ്. ശ​ശി​കു​മാ​റും സു​ഹൃ​ത്ത് ഫ്രാ​ൻ​സി​സും ഇ​ത് കാ​ണു​ന്ന​ത്. ഉ​ട​ൻത​ന്നെ ഇ​വ​ർ പു​ഴ​യി​ലേ​ക്ക് ഇ​റ​ങ്ങി ഇ​രു​വ​രെ​യും ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.