അരുവിത്തുറ: പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെയും അരുവിത്തുറ സോണൽ കർഷക ദളങ്ങളുടെയും കർഷക മാർക്കറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ 5, 6, 7 തീയതികളിൽ രണ്ടാമത് അരുവിത്തുറ അഗ്രി ഫെസ്റ്റ് അരുവിത്തുറ പള്ളി മൈതാനിയിൽ നടത്തും.
കർഷകർക്കാവശ്യമായ മേൽത്തരം തെങ്ങ്, കമുക്, ഫലവൃക്ഷത്തൈകൾ, പച്ചക്കറിത്തൈകൾ, പച്ചക്കറി വിത്തുകൾ, ചെടികൾ, ചെടിച്ചട്ടികൾ, കാർഷികോപകരണങ്ങൾ, ജൈവവളങ്ങൾ എന്നിവ പരിചയപ്പെടുന്നതിനും വാങ്ങുന്നതിനും അഗ്രി ഫെസ്റ്റിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഈരാറ്റപേട്ട കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രീയമായി മണ്ണ് പരിശോധിക്കുന്നതിനും കാഞ്ഞിരപ്പള്ളി രൂപതയുടെ ആഭിമുഖ്യത്തിലുള്ള പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി സൗജന്യ നിരക്കിൽ കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതും ലൈസൻസ് സംബന്ധമായ ആവശ്യങ്ങൾക്ക് അപ്രൂവൽ സർട്ടിഫിക്കറ്റ് നൽകും.
അഞ്ചിനു രാവിലെ 10നു ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അരുവിത്തുറ അഗ്രി. ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിക്കും. ആറിനു രാവിലെ 11നു ജാതി കർഷകസംഗമം നടത്തും. വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കുന്ന യോഗം അഗ്രിക്കൾച്ചറൽ അസി. ഡയറക്ടർ അശ്വതി വിജയൻ ഉദ്ഘാടനം ചെയ്യും.
ആധുനിക രീതിയിലുള്ള ജാതി പരിപ്പ്, പത്രി എന്നിവയുടെ തരംതിരിക്കൽ, ജാതിക്കാ തൊണ്ടിൽനിന്നുള്ള വിവിധയിനം ഉത്പന്നങ്ങൾ, നിർമാണ രീതി, വിപണന സാധ്യതകൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഡോ. ജിഷ എ. പ്രഭ ക്ലാസ് എടുക്കും.
ആറിന് ഉച്ചകഴിഞ്ഞ് 2.30 ന് അരുവിത്തുറ സെന്റ് ജോർജ് പാരീഷ് ഹാളിൽ കാർഷിക സെമിനാർ നടത്തും. വികാരിഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെംബർ അഡ്വ. ഷോൺ ജോർജ് ഉദ്ഘാടനം ചെയ്യും.
കാർഷികസെമിനാറിനോടനുബന്ധിച്ച് അടുക്കളത്തോട്ട മത്സരത്തിന്റെ രജിസ്ട്രേഷനും പച്ചക്കറിവിത്ത്, തൈകൾ എന്നിവയുടെ വിതരണവും ഉണ്ടായിരിക്കും. അഗ്രി ഫെസ്റ്റ് പ്രമാണിച്ച് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെ കർഷക മാർക്കറ്റ് പ്രവർത്തിക്കും.