ഈരാറ്റുപേട്ട: ക്ലീൻ ഹോം ക്ലീൻ സിറ്റി എന്ന സമഗ്ര മാലിന്യ പരിപാലന ലക്ഷ്യത്തിലൂന്നി പ്രവർത്തിക്കുന്ന ഈരാറ്റുപേട്ട നഗരസഭയിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഇനി സ്മാർട്ട് ആകും. സംസ്ഥാന സർക്കാർ, ശുചിത്വമിഷൻ, ഹരിതകേരള മിഷൻ, കെൽട്രോൺ തുടങ്ങിയവരുടെ സഹായത്തോടെ ഈരാറ്റുപേട്ട നഗരസഭയിൽ നടപ്പിലാക്കുന്ന ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പിന്റെ സർവേ പ്രവർത്തനങ്ങൾ ജില്ലയിൽ ആദ്യമായി ഈരാറ്റുപേട്ട നഗരസഭയിൽ പൂർത്തിയായി. നഗരസഭാ ഹാളിൽ നടന്ന യോഗത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പദ്ധതി പൂർത്തീകരണ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു.
നഗരസഭമുതൽ സംസ്ഥാനതലം വരെയുള്ള ഏകീകൃത നിരീക്ഷണ മൊബൈൽ ആപ്ലിക്കേഷൻ ആയ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിസ്റ്ററിംഗ് സിസ്റ്റം വഴി മാലിന്യ സംസ്കരണരീതികൾ നിരീക്ഷിക്കാൻ കഴിയും.
ഈ പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയിലെ എല്ലാ വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കും. ഇതിലൂടെ ഡിജിറ്റൽ സഹായത്തോടെ മാലിന്യ പരിപാലന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന കോട്ടയം ജില്ലയിലെ ആദ്യ നഗരസഭയായി ഈരാറ്റുപേട്ട മാറും. ഇനിമുതൽ ഹരിത കർമസേന മുഖേന നൽകുന്ന എല്ലാ സേവനങ്ങളും ഈ മൊബൈൽ ആപ്ലിക്കേഷനിലൂടെ പൊതു ജനങ്ങൾക്ക് ലഭ്യമാകും.
പദ്ധതിയുടെ ഭാഗമായ സർവേ , ക്യു ആർ കോഡ് പതിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ സെന്റ് ജോർജ് കോളജ്, എംഇഎസ് കോളജ് എന്നിവയിലെ എൻഎസ്എസ് യൂണിറ്റുകളുടെ സഹായത്തോടെയാണ് നടത്തിയത്. ഹരിതകർമസേനാംഗങ്ങളെ വേദിയിൽ ആദരിച്ചു.
ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഡോ. സഹല ഫിർദൗസ്, റിയാസ് പ്ലാമൂട്ടിൽ, കൗൺസിലർമാരായ പി.എം.അബ്ദുൽ ഖാദർ, എസ്.കെ. നൗഫൽ, സെക്രട്ടറി സുമയ്യ ബീവി, ഹെൽത്ത് ഇൻസ്പെക്ടർ സി.ഐ. നാസർ, ജില്ല ശുചിത്വമിഷൻ കോ ഓർഡിനേറ്റർ ബേവിൻ ജോൺ വർഗീസ്, ശുചിത്വമിഷൻ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ ജയകൃഷ്ണൻ, കെൽട്രോൺ ജില്ലാ കോ-ഓർഡിനേറ്റർ ബിപിൻ സാബു, മുനിസിപ്പൽ കോ-ഓർഡിനേറ്റർ നിജി, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ നൗഷാദ് സോണി ജെറാൾഡ് എന്നിവർ പ്രസംഗിച്ചു.