ജില്ലാ ആയുർവേദ ആശുപത്രിക്കെട്ടിടം ഏതുനേരവും നിലംപൊത്താം!
1573874
Monday, July 7, 2025 11:19 PM IST
ആലപ്പുഴ: ജില്ലാ ആയുർവേദ ആശുപത്രിക്കെട്ടിടം ശോച്യാവസ്ഥയുടെ നടുവിൽ. ഭിത്തികളിൽ വിള്ളലുണ്ട്. മേൽക്കൂരയിൽനിന്നു കോൺക്രീറ്റ് ഇളകിവീണുകൊണ്ടിരിക്കുന്നു. എപ്പോൾ ഇടിഞ്ഞുവീഴുമെന്ന് ആശങ്കപ്പെടുന്ന ഈ കെട്ടിടത്തിൽ 20 രോഗികളുണ്ട്. 50 രോഗികളെവരെ കിടത്തിച്ചികിത്സിക്കാവുന്ന ആശുപത്രിക്കെട്ടിടമാണ് ശോച്യാവസ്ഥയുടെ നടുവിലായത്.
കെട്ടിടം തകർച്ചയിലായതുകാരണം കിടത്തിച്ചികിത്സിക്കുന്നവരുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുന്നതിനാലാണ് 20 പേർ മാത്രമായത്. ഇതിനുപുറമേ നൂറുകണക്കിനു രോഗികളും അറുപതോളം ജീവനക്കാരുമാണ് ആശുപത്രിയിൽ ദിവസേന എത്തുന്നത്. ആശുപത്രിയുടെ ശോച്യാവസ്ഥ മുൻനിർത്തി ആലപ്പുഴ നഗരസഭാ കെട്ടിടത്തിലേക്കു മാറുന്നതിനു തീരുമാനമെടുത്തെങ്കിലും അനിശ്ചിതമായി നീളുകയാണ്.
പുതിയ കെട്ടിടത്തിലേക്ക് ഉടൻ ആശുപത്രി മാറുമെന്നു പറയാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായെന്നു ജീവനക്കാർ പറഞ്ഞു. ഭരണ-പ്രതിപക്ഷാംഗങ്ങളുടെ അഭിപ്രായഭിന്നത മറികടന്നാണ് പഴയ ആലപ്പുഴ നഗരസഭാ അനക്സ് കെട്ടിടം താത്കാലികമായി ആശുപത്രിക്കു വിട്ടുനൽകാൻ കഴിഞ്ഞമാസം കൗൺസിൽ അംഗീകാരം നൽകിയത്. കെട്ടിടത്തിൽ വയറിംഗ്, ശൗചാലയങ്ങൾ തുടങ്ങി ആശുപത്രിക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള കാലതാമസമാണ് കെട്ടിടമാറ്റം വൈകുന്നതിനു കാരണമെന്നു ബന്ധപ്പട്ടവർ പറഞ്ഞു.
താഴത്തെ നിലയും ഒന്നാംനിലയും 1,30,952 രൂപ വാടകയ്ക്കാണ് നൽകാൻ തീരുമാനമായത്. പ്രവർത്തനം മറ്റൊരു കെട്ടിടത്തിലേക്കു മാറ്റിയാലുടൻ ആശുപത്രി പൊളിച്ച് പുതിയ ആശുപത്രിയുടെ നിർമാണം തുടങ്ങുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. അഞ്ചുകോടിയാണ് നിർമാണത്തിനായി അനുവദിച്ചത്. എംഎൽഎ ഫണ്ടിൽനിന്നും ആലപ്പുഴ ജില്ലാ പഞ്ചായത്തിൽനിന്നും രണ്ടുകോടി വീതവും ആയുഷിൽനിന്ന് ഒരു കോടിയുമാണ് നിർമാണത്തിനായി ലഭിക്കുന്നത്.