ചാരുംമൂട് ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് അഴിയാക്കുരുക്ക്
1573591
Sunday, July 6, 2025 11:46 PM IST
ചാരുംമൂട്: കായംകുളം-പുനലൂര്‍ കെപി റോഡും കൊല്ലം-തേനി ദേശീയപാതയും സംഗമിക്കുന്ന ചാരുംമൂട് ജംഗ്ഷനില്‍ ഗതാഗതത്തിരക്കും അതുമൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കും രൂക്ഷമായി. ഗതാഗതനിയന്ത്രണത്തിനായി സിഗ്നല്‍ ലൈറ്റുകള്‍ ഉണ്ടെങ്കിലും അവയൊന്നും വകവയ്ക്കാതെയാണ് ടിപ്പറുകളും സ്വകാര്യബസുകളുമടക്കം ചീറിപ്പായുന്നത്. നൂറനാട് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ഇവിടെ ഹോം ഗാര്‍ഡിന്റെ സേവനം മാസങ്ങളായി ലഭിക്കുന്നില്ല.
ജംഗ്ഷന്റെ നാലുഭാഗത്തുമുള്ള റോഡില്‍ ഗതാഗതനിയമലംഘനം കാരണം അപകടങ്ങള്‍ വര്‍ധിക്കുകയാണ്. രാവിലെയും വൈകുന്നേരവും ജംഗ്ഷന്റെ നാലുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ടനിര കാണാം. സ്കൂള്‍കുട്ടികള്‍ ഉള്‍പ്പെടെ റോഡ് മുറിച്ചുകടക്കാന്‍ ഏറെ പണിപ്പെടേണ്ട സ്ഥിതിയാണുള്ളത്.
സിഗ്നല്‍ ലൈറ്റുകള്‍ തെളിഞ്ഞാല്‍ വാഹനങ്ങള്‍ ചീറിപ്പായുന്നു. ഇതിനിടെ സിഗ്നല്‍ ലൈറ്റ് ശ്രദ്ധിക്കാതെ കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നത് അപകടത്തിനു കാരണമാകുന്നു. രാവിലെയും വൈകുന്നേരവും സ്കൂള്‍ കുട്ടികള്‍ക്ക് ജംഗ്ഷന് വഴി സൈക്കിളിലോ കാല്‍നടയായോ യാത്ര ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്.
ജംഗ്ഷന്റെ നാലു ഭാഗത്തേ ക്കുമുള്ള റോഡില്‍ അനധികൃതമായി വാഹനങ്ങള്‍ മണിക്കൂറുകളോളം പാര്‍ക്ക് ചെയ്യുന്നതും ഗതാഗതക്കുരുക്കിനു കാരണമാകുന്നു. ജംഗ്ഷനില്‍നിന്ന് റോഡില്‍ 100 മീറ്റര്‍ പരിധിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്ന് പോലീസ് ഉത്തരവുണ്ടെങ്കിലും അതൊന്നും ഇവിടെ ബാധകമാകാത്ത സ്ഥിതിയാണ്. ജംഗ്ഷനു സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങള്‍ക്കു മുന്നില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതു കാരണം മറ്റു വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത സ്ഥിതിയുമുണ്ടാകാറുണ്ട്.
കെപി റോഡിലെ കെഎസ് ആര്‍ടിസി ബസുകളും സ്വകാര്യബസുകളും ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നു. നൂറോളം കെഎസ്ആര്‍ടിസി, സ്വകാര്യബസുകളാണ് ഇതുവഴി സര്‍വീസ് നടത്തുന്നത് ബസുകള്‍ക്ക് റോഡുകളില്നിന്നുമാറി പാര്‍ക്ക് ചെയ്യാന്‍ സ്ഥലം ഇല്ലാത്തത് ചാരുംമൂട്ടിലെ ഗതാഗതക്കുരുക്കിനു പ്രധാനകാരണമാണ്.
കാത്തിരിപ്പുകേന്ദ്രങ്ങളിലേക്ക് ബസുകള്‍ എത്താതെ ജംഗ്ഷനു സമീപത്തുതന്നെ നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും ഗതാഗതക്കുരുക്കിന് ഇടയാക്കുകയാണ്. ഹോംഗാര്‍ഡിനെ വീണ്ടും നിയമിച്ച് ഗതാഗതനിയന്ത്രണം നടത്തണമെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ നടപടി വേണമെന്നും ആവശ്യം ശക്തമായിരിക്കുകയാണ്.