ബിന്ദുവിന്റെ മരണം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൊലപാതകം: അനൂപ് ആന്റണി
1573870
Monday, July 7, 2025 11:19 PM IST
മാവേലിക്കര: ബിന്ദുവിന്റെ മരണം സംസ്ഥാന സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൊലപാതകമാണെന്ന് ബിജെപി സംസ്ഥാന മീഡിയ പ്രഭാരി അനൂപ് ആന്റണി. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് ബിജെപി ആലപ്പുഴ തെക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായി സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞുവീണ് ബിന്ദു മരിക്കാന്‍ കാരണം. പിആര്‍ മോഡല്‍ ആരോഗ്യകേരളമാണ് കോട്ടയത്ത് തകര്‍ന്നുവീണത്. ആരോഗ്യമന്ത്രി മുന്‍പു പറഞ്ഞ കേരളത്തിന്റെ കപ്പല്‍ മുങ്ങ കപ്പിത്താന് നാടും വിട്ടു.
സാധാരണക്കാരന് ചികിത്സ ലഭിക്കാതെ ബുദ്ധിമുട്ടുമ്പോള്‍, മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പരിവാരങ്ങളും വിദേശ രാജ്യങ്ങളില്‍ വിദഗ്ധ ചികിത്സതേടുന്നു.
കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളുടെ അവസ്ഥ ദയനീയമാണ്. ചികിത്സ തേടുന്നവരെ സര്‍ക്കാര്‍ മരണത്തിലേക്ക് തള്ളിവിടുകയാണ്. പിആര്‍ ജോലി കൊണ്ട് മലയാളിയെ കബളിപ്പിച്ച സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി നടത്തിയ വെളിപ്പെടുത്തല്‍. അല്‍പ്പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ വീണാ ജോര്‍ജ് രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ.കെ. അനൂപ്, കൃഷ്ണകുമാര്‍ രാംദാസ് എന്നിവര്‍ സംസാരിച്ചു.
ആശുപത്രി പ്രവേശനകവാടത്തിന് 100 മീറ്റര്‍ മുന്പില് പ്രതിഷേധക്കാരെ പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് പോലീസ് ബലപ്രയോഗം നടത്തിയതോടെ ഉന്തും തള്ളുമുണ്ടായി. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ടി. ബിനുകുമാര്‍, എസ്എച്ച്ഒമാരായ സി. ശ്രീജിത്ത് (മാവേലിക്കര), എം.സി. അഭിലാഷ് (വെണ്മണി), പി.വി. മോഹിത് (കുറത്തികാട്) എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് സുരക്ഷയൊരുക്കി.