ചെങ്കുളത്തെ ക്വാറി അപകടം: അപകടകരമായ സാഹചര്യം മറച്ചുവച്ചതായി ആക്ഷേപം
1573860
Monday, July 7, 2025 11:19 PM IST
കോന്നി: അത്യന്തം അപകടകരമായ സാഹചര്യത്തിൽ പയ്യനാമൺ ചെങ്കുളത്ത് ക്വാറിയിൽ ഇന്നലെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ജോലിയെടുപ്പിച്ചതെന്ന് പ്രാഥമിക നിഗമനം. അപകടത്തേ തുടർന്ന് സ്ഥലം സന്ദർശിച്ച റവന്യൂ, ജിയോളജി, പോലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഇതു വിലയിരുത്തി. ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ സ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയും പ്രാഥമികമായ അന്വേഷണം നടത്തുകയും ചെയ്തു.
കോന്നി താഴം വില്ലേജിലാണ് അപകടമുണ്ടായ ക്വാറി വർഷങ്ങളായി പ്രവർത്തിക്കുന്നത്.
പൊട്ടിച്ചു മാറ്റിയ പാറമടയുടെ ഇടുക്കുകളിൽ ഹിറ്റാച്ചി ഉപയോഗിച്ചാണ് ഇവർ ജോലിയെടുത്തിരുന്നത്. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളോ പാലിച്ചിരുന്നില്ല. അപകടത്തേ തുടർന്ന് പാറമടയിലെ മറ്റു ജീവനക്കാർ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഉടമയുമായി ബന്ധപ്പെട്ടവർ സ്ഥലത്തെത്തിയശേഷമാണ് ഫയർഫ്സിൽ വിവരം അറിയിച്ചത്.
വെടിമരുന്ന് ഉപയോഗിച്ചുള്ള സ്ഫോടനം അതീവ അപകടകരമായതിനാൽ, കർശനമായ സുരക്ഷാ മാനദണ്ഡങ്ങളും സർക്കാർ നിയമങ്ങളും പാലിക്കണമെന്ന നിർദേശമുള്ളതാണ്.
സ്ഫോടനങ്ങൾ നടത്താൻ ലൈസൻസുള്ള വിദഗ്ധരെ മാത്രമേ ഇതിന് അനുവദിക്കാവൂവെന്നും ജിയോളജി വകുപ്പ് പറയുന്നു.
ചെങ്കളം പാറമടയിൽ സ്ഫോടനങ്ങൾ കാരണം ശബ്ദം, പൊടി, ഭൂകമ്പ പ്രകമ്പനങ്ങൾ എന്നിവ പതിവാണെന്നു പരിസരവാസികൾ പറയുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കുറഞ്ഞ ചെലവിൽ കൂടുതൽ അളവിൽ പാറ പൊട്ടിച്ചുമാറ്റുകയെന്നതാണ് രീതി. കോന്നിയിലെ പല സ്വകാര്യ പാറമടകളുടെയും പ്രവർത്തനം ഈ രീതിയിലാണ്. അനുമതി നൽകുന്ന ബന്ധപ്പെട്ട വകുപ്പുകൾ പിന്നീട് ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ല.
മൈനിംഗ് ആൻഡ് ജിയോളജി വകുപ്പാണ് പ്രധാനമായി ഇവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതും അനുമതികൾ നൽകുന്നതുമെങ്കിലും കൃത്യമായി ഇടപെടൽ ഇവർ നടത്താറില്ലെന്നും പറയുന്നു.