ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് കേരള കോൺഗ്രസ്-ജേക്കബ്
1573600
Sunday, July 6, 2025 11:46 PM IST
രാമങ്കരി: മന്ത്രി വീണാ ജോർജിന്റെ നിരുത്തരവാദപരമായ പെരുമാറ്റമാണ് ബിന്ദുവിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് കേരള കോണ്ഗ്രസ്-ജേക്കബ് സംസ്ഥാന വൈസ് ചെയർമാൻ ബാബു വലിയവീടൻ.
കോട്ടയം മെഡിക്കൽ കോളജ് സംഭവത്തിൽ പാർട്ടി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വയം ന്യായീകരിക്കാനുള്ള മന്ത്രിയുടെ വ്യഗ്രതയാണ് ബിന്ദുവിന്റെ ജീവൻ നഷ്ടപ്പെടുത്തിയതെന്നും ഇതു കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ നിയമപരമായും ധാർമികമായും യാതൊരു അർഹതയുമില്ല. ഇത്തരമൊരു ദാരുണസംഭവം നടന്നപ്പോൾ മുഖ്യമന്ത്രി അമേരിക്കയിലേക്കു പോയത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധ യോഗത്തിൽ പാർട്ടി ജില്ലാ പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ അധ്യക്ഷത വഹിച്ചു. പാർട്ടി ഉന്നതാധികാരസമിതി അംഗങ്ങളായ നൈനാൻ തോമസ്, ഷാജി സ്കറിയ, മത്തായിച്ചൻ കാഞ്ഞിക്കൽ, കെ.പി. കുഞ്ഞുമോൻ, ഷാജൻ മെതികളം, തോമാച്ചൻ കളപ്പുര, അന്റോച്ചൻ കോയിപ്പള്ളി, വിൽസൺ വണ്ടകം, മേൽസൺ മുണ്ടകം, ജോളി കവലേച്ചിറ, വറീച്ചൻ വേലിക്കകം, ജോമോൻ നടുവിലേക്കളം, തൊമ്മിക്കുട്ടി വാളംപറമ്പ് എന്നിവർ പ്രസംഗിച്ചു.