മാർ ഈവാനിയോസ് ഓർമപ്പെരുന്നാൾ: മെഴുകുതിരി പ്രദക്ഷിണം നടത്തി
1573861
Monday, July 7, 2025 11:19 PM IST
മാവേലിക്കര: എംസിവൈഎം മാവേലിക്കര ഭദ്രാസനസമിതിയുടെ ആഭിമുഖ്യത്തിൽ ധന്യൻ ആർച്ച്ബിഷപ് മാർ ഈവാനിയോസിന്റെ 72-ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് മെഴുകുതിരി പ്രദക്ഷിണം നടത്തി. മാർ ഈവാനിയോസിന്റെ മാതൃ ഇടവകയായ പുതിയകാവ് സെന്റ് ജോസഫ് മലങ്കര സുറിയാനി കത്തോലിക്കാ തീർഥാടന ദേവാലയത്തിൽനിന്ന് ആരംഭിച്ച് കല്ലുമല സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിൽ സമാപിച്ചു.
മെഴുകുതിരി പ്രദക്ഷിണത്തിന് മാവേലിക്കര ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. മാത്യൂസ് മാർ പോളിക്കാർപ്പോസ് മുഖ്യകാർമികത്വം വഹിച്ചു. വികാരി ജനറൽ ഫാ. ജോബ് കല്ലുവിളയിൽ, യൂഹാനോൻ പുത്തൻവീട്ടിൽ റമ്പാൻ, വൈദികർ, സിസ്റ്റേഴ്സ്, എംസിവൈഎം ഭദ്രാസന, ജില്ലാ, യൂണിറ്റ് തല ഭാരവാഹികൾ, അല്മായ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പ്രധാന പദയാത്ര നാളെ മാവേലിക്കര പുതിയകാവിലെ മാർ ഈവാനിയോസിന്റെ ജന്മഗൃഹമായ പണിക്കർ വീട്ടിൽനിന്ന് ആരംഭിച്ച് 14ന് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ എത്തിച്ചേരും.