അഴിമതി ചൂണ്ടിക്കാട്ടിയതിന് മർദനമേറ്റ സംഭവം പ്രതിഷേധാർഹം: എം. ലിജു
1573873
Monday, July 7, 2025 11:19 PM IST
അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി ഓഡിറ്റിൽ രണ്ടു കോടി രൂപയുടെ അഴിമതി കണ്ടെത്തിയ വിഷയം പഞ്ചായത്ത് കമ്മിറ്റിയിൽ ഉന്നയിച്ച ജനപ്രതിനിധിയെ മർദിച്ച സംഭവം പ്രതിഷേധാർഹമെന്ന് എം. ലിജു. പുന്നപ്ര വടക്ക് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഓഡിറ്റിൽ രണ്ടു കോടി രൂപയുടെ അഴിമതി കണ്ടെത്തിയ വിഷയം പഞ്ചായത്ത് യോഗത്തിൽ സാജൻ ഏബ്രഹാം ഉൾപ്പെടെയുള്ള പഞ്ചായത്തംഗങ്ങൾ പഞ്ചായത്ത് യോഗത്തിൽ ഉന്നയിച്ചിരുന്നു.
വിഷയം ഉന്നയിച്ച സാജനെ സിപിഎം അംഗങ്ങൾ ക്രൂരമായി മർദിക്കുകയായിരുന്നു.
മർദനത്തിൽ പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാജനെ സിപിഎം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ വീണ്ടും മർദിക്കുകയായിരുന്നു. സിപിഎം നേതൃത്വത്തിൽ നടന്ന അഴിമതിക്കെതിരേ പ്രതികരിച്ച പഞ്ചായത്തംഗം സാജൻ ഏബ്രഹാമിനെ മർദിച്ച സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായും അഴിമതിക്കെതിരേയും സിപിഎം അക്രമത്തിനെതിരേയും കോൺഗ്രസ് പാർട്ടി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും എം. ലിജു പറഞ്ഞു.