ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ ഒമ്പതുമുതല്‍ ആരംഭിക്കും: മന്ത്രി വി. ശിവന്‍കുട്ടി
1573592
Sunday, July 6, 2025 11:46 PM IST
ആലപ്പുഴ: മാറിയ പാഠപുസ്തകത്തിനനുസരിച്ച് ഒന്നുമുതല്‍ 10 വരെ ക്ലാസുകള്‍ക്കുള്ള ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ ഒമ്പതുമുതല്‍ കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കുട്ടികള്‍ക്കുള്ള അധിക പിന്തുണ എന്ന തരത്തിലാണ് ക്ലാസുകള്‍ തയാറാക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക് മോണിറ്ററിംഗ് പ്ലാറ്റ്ഫോമുകള് പരിചയപ്പെടുത്താന്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എജ്യുക്കേഷന്റ് (കൈറ്റ്) നേതൃത്വത്തില്‍ അമ്പലപ്പുഴ ഗവ. മോഡല്‍ എച്ച്എസ്എസില്‍ സംഘടിപ്പിച്ച ജില്ലയിലെ ഹൈസ്കൂള്‍ പ്രഥമാധ്യാപകര്‍ക്കുള്ള ശില്പശാലയില് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കുകയായിരുന്നു മന്ത്രി.
കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്തും ശില്പശാലയില് പങ്കെടുത്തു. ജൂലൈ മാസം തന്നെ സംസ്ഥാനതലത്തില്‍ മുഴുവന്‍ അധ്യാപകര്‍ക്കും പരിശീലനം നല്കി അക്കാദമിക് മോണിറ്ററിംഗിനും കുട്ടികളുടെ മെന്ററിംഗിനുമുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോം രക്ഷിതാക്കള്‍ക്കുള്‍പ്പെടെ കാണുന്ന വിധം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാവുമെന്ന് അദ്ദേഹം പറഞ്ഞു.
അക്കാദമിക് മാസ്റ്റര്‍ പ്ലാനുകള്‍ നടപ്പിലാക്കുന്നത് മോണിറ്റര്‍ ചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമുള്ള സമഗ്രപ്ലസ് പോര്‍ട്ടല്‍ ഉപയോഗിക്കേണ്ട രീതി ശില്പശാലയില് വിശദീകരിച്ചു. ഇതിനായി താഴെത്തട്ടു മുതല്‍ മുകള്‍ തട്ടുവരെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും നിര്‍ദേശങ്ങള്‍ നല്കുന്നതിനുമുള്ള സൗകര്യങ്ങളാണ് കൈറ്റിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്ന സമഗ്ര പ്ലസ് പോര്‍ട്ടലിലുള്ളത്.
സമഗ്രപ്ലസ് (www.samagra. kite.kerala.gov.in) പോര്‍ട്ടലിലൂടെ അധ്യാപകര്‍ക്ക് ഡിജിറ്റല്‍ പ്ലാനുകള്‍ തയാറാക്കി സൂക്ഷിക്കാനും പ്രഥമാധ്യാപകര്‍ക്ക് സമര്‍പ്പിക്കാനും കഴിയും.