വേമ്പനാട്ടുകായൽ ശുചികരണ പ്രവർത്തനങ്ങൾക്കു തുടക്കം
1514855
Sunday, February 16, 2025 11:53 PM IST
തുറവൂര്‍: വേമ്പനാട് കായൽ വീണ്ടെടുക്കലുമായി ബന്ധപ്പെട്ട് അരൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വേമ്പനാട് കായല്‍ ശുചീകരണം നടന്നു. അരൂര്‍ മുക്കത്ത് സുചീകരണ പരിപാടി അരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രാഖി ആന്റണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇഷാദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് നൗഷാദ് കുന്നേല്‍ സ്വാഗതം ആശംസിച്ചു.
പഞ്ചായത്തംഗങ്ങള്‍, ജീവനക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, മത്സ്യത്തൊഴിലാളികള്‍, സാമൂഹ്യ രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയ വിവിധ മേഖലയിലുള്ളവര്‍ സംബന്ധിച്ചു. 9 കേന്ദ്രങ്ങളിലാണ് ശുചീകരണം നടന്നത്. 178 മത്സ്യത്തൊഴിലാളികളും കക്കാ തൊഴിലാളികളും 87 വള്ളങ്ങളില്‍ പോയാണ് മാലിന്യം ശേഖരിച്ചത്. 1700 കിലോ പ്ലാസ്റ്റിക് പുഴയില്‍നിന്നും ശേഖരിച്ചു. ശേഖരിച്ച പ്ലാസ്റ്റിക് ഹരിത കര്‍മസേന അംഗങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് ഉച്ചയോടു കൂടി കൈമാറി. മാലിന്യം ശേഖരിച്ച 9 കേന്ദ്രങ്ങളിലും മാലിന്യ മുക്ത പ്രതിഞ്ജചൊല്ലിയാണ് പിരിഞ്ഞത്.