ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ടണൽ അടച്ചു; പ്രദേശമാകെ വെള്ളത്തിൽ
1460856
Monday, October 14, 2024 2:48 AM IST
അമ്പലപ്പുഴ: ദേശീയ പാതാ നിര്‍മാണത്തിന്റെ ഭാഗമായി ടണല്‍ അടച്ചതോടെ ഒരു മഴയില്‍ പുറക്കാട് കരൂര്‍ അയ്യന് കോയിക്കല്‍ ക്ഷേത്രത്തിന് സമീപപ്രദേശങ്ങള്‍ വെള്ളത്തിലായി. ഏഴു കുടുംബങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയെത്തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.
50 വര്‍ഷത്തോളമായി ഇവിടെ ദേശീയപാതയ്ക്കു കുറുകെ ടണലുണ്ടായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതാണ് ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്കു മുന്‍പ് അടച്ചത്. പടിഞ്ഞാറു ഭാഗത്തുനിന്ന് കിഴക്കോട്ട് വെള്ളമൊഴുകിപ്പോകാന്‍ ഉപയോഗിച്ചിരുന്ന ടണല്‍ അടച്ചത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ജില്ലാ കളക്ടര്‍ക്ക് വരെ പരാതി നല്‍കിയിരുന്നു. എന്നിട്ടും ഇതിന് പരിഹാരമായിട്ടില്ല.
കഴിഞ്ഞ രാത്രി പെയ്ത കനത്ത മഴയില്‍ പ്രദേശമാകെ വെള്ളത്തിലായി. വെള്ളം ഒഴുകാതെവന്നതോടെ നിരവധി കുടുംബങ്ങള്‍ക്ക് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായി. വീടുകള്‍ക്കു മുന്നില്‍ ഓട നിര്‍മാണത്തിനായി കുഴിയെടുത്തതല്ലാതെ ഇവിടെ ഓട യാഥാര്‍ഥ്യമായിട്ടില്ല. വലിയ കുഴികള്‍ മാത്രമാണ് ഇവിടെയുള്ളത്.
ഇതേത്തുടര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ദുരിതത്തിലായിരിക്കുകയാണ്. ചെറിയ മഴയില്‍പോലും പ്രദേശമാകെ വെള്ളത്തിലാകും. വെളളക്കെട്ടിനെത്തുടര്‍ന്ന് സമീപവാസികള്‍ക്ക് മാസങ്ങളോളം വീട് വിട്ട് മറ്റ് ബന്ധുവീടുകളിലേക്കും പോകേണ്ടിവന്നു. നാട്ടുകാരുടെ നിരന്തര പരാതിയെത്തടര്ന്ന് ദേശീയപാത അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് അടച്ച ടണല്‍ തുറക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയെങ്കിലും മാസങ്ങളായിട്ടും ഇതുവരെ നടപടിയായില്ല.
തങ്ങളുടെ ദുരിതത്തിന് അടിയന്തര പരിഹാരം കാണുമെന്ന് പഞ്ചായത്തും ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരുമൊക്കെ പല തവണ നല്കിയ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നും ഇവര്‍ പരാതി പറയുന്നു.
ഇനി തുലാ വര്‍ഷം ശക്തമാകുമ്പോള്‍ തങ്ങളുടെ അവസ്ഥ എന്താകുമെന്ന ആശങ്കയാണിവര്‍ക്ക്. ദേശീയപാതയുടെ അശാസ്ത്രീയമായ നിര്‍മാണം മൂലം തങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന് അടിയന്തര പരിഹാരം കണ്ടില്ലെങ്കില്‍ സമരം നടത്താനാണ് ഇവരുടെ തീരുമാനം.