സ്വർണപ്പണയ സ്ഥാപനത്തിന്റെ മറവിൽ ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ
1459904
Wednesday, October 9, 2024 6:41 AM IST
കായംകുളം: സ്വകാര്യ സ്വർണപ്പ ണയ സ്ഥാപനത്തിന്റെ മറവിൽ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. കായംകുളം കൃഷ്ണപുരം നിവേദ്യം വീട്ടിൽ ഷൈനി സുശീലൻ (36) ആണ് കായംകുളം പോലീസിന്റെ പിടിയിലായത്.
കൃഷ്ണപുരത്ത് മിനി കനകം ഫിനാൻസ് എന്ന പേരിൽ സ്വകാര്യ സ്വർണപ്പണയ സ്ഥാപനം നടത്തി ഇടപാടുകാരെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പണയസ്വർണം വാങ്ങി പണം നൽകുകയും തിരികെ പണയം എടുക്കാൻ ചെല്ലുമ്പോൾ പണവും പലിശയും വാങ്ങിയിട്ട് പണയസ്വർണം തിരികെ നൽകാതെയും പുതുതായി തുടങ്ങുന്ന ബിസിനസിലേക്ക് കൂടുതൽ ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് നിക്ഷേപങ്ങൾ സ്വീകരിച്ചുമാണ് ഇവർ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതെന്നാണ് പോലീസ് പറയുന്നത്.
കായംകുളം പോലീസ് സ്റ്റേഷനിൽ യുവതിക്കെതിരേ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസ് കേസെടുത്തതിനെതുടർന്ന് യുവതി ഒളിവിൽ പോയി ചേർത്തലയിൽ ഒരു ബ്യൂട്ടി പാർലറിൽ ജോലി ചെയ്തു വരികയായിരുന്നു.
കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐമാരായ അജിത്ത്, ദിലീപ്, പോലീസ് ഉദ്യോഗസ്ഥരായ സജീവൻ, അരുൺ, അഖിൽ മുരളി, സോനുജിത്ത്, റിന്റിത്ത്, അമീന, നൂറ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.