നൂറനാട് കെട്ടിട നിർമാണ സാമഗ്രികൾ വിൽക്കുന്ന കട കത്തിനശിച്ചു
1454195
Wednesday, September 18, 2024 11:36 PM IST
ചാരുംമൂട്: നൂറനാട് പാറ്റൂരിൽ കെട്ടിടനിർമാണ സാമഗ്രികൾ വിൽപ്പന നടത്തുന്ന കട കത്തിനശിച്ചു. പാറ്റൂർ കനകമംഗലത്ത് കെ.കെ. ചന്ദ്രസേനപ്പണിക്കരുടെ ഉടമസ്ഥതയിലുള്ള നവീൻ ഏജൻസിയാണ് കത്തിനശിച്ചത്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു.
പെയിന്റ് ഇലക്ട്രിക്കൽ, സാനിട്ടറി, ഹാർഡ്വെയർ, വീട് നിർമാണത്തിനുള്ള മറ്റു സാധനങ്ങൾ തുടങ്ങിവയാണ് കത്തി നശിച്ചത്. ഓണം പ്രമാണിച്ച് രണ്ടു ദിവസമായി കട തുറന്ന് പ്രവർത്തിച്ചിരുന്നില്ല.
കഴിഞ്ഞദിവസം പുലർച്ചെ മൂന്നോടെയാണ് തീപ്പിടിത്തം ഉണ്ടായത്. കടയുടെ തൊട്ടുപിന്നിലായുള്ള വീട്ടിലാണ് കടയുടമ താമസിക്കുന്നത്. നാട്ടുകാർ വെള്ളം ഒഴിച്ച് തീ കെടുത്താൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് തീ പൂർണമായി അണച്ചത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.