ഓട്ടപ്പാച്ചിൽ കഴിഞ്ഞു; ഇന്നു തിരുവോണം
1453406
Sunday, September 15, 2024 12:12 AM IST
ആലപ്പുഴ: പൊന്നോണത്തെ വരവേൽക്കാൻ ജില്ലയാകെ ഒരുക്കത്തിന്റെ തിരക്കായിരുന്നു എവിടെയും. ഓണപ്പൂക്കളമൊരുക്കാനും സദ്യവട്ടങ്ങളും പുത്തനുടുപ്പുകളും വാങ്ങാനുമുളള ഓട്ടപ്പാച്ചിലായിരുന്നു. മാവേലിമന്നനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.
ആലപ്പുഴയിലെ പ്രധാനപ്പെട്ട കച്ചവട കേന്ദ്രങ്ങളിൽ ഒന്നായ മുല്ലയ്ക്കൽ ബസാറിൽ തിരക്കോട് തിരക്ക്. പൂക്കച്ചവടക്കാരും ഓണസദ്യയ്ക്ക് വിഭവങ്ങൾ തയാറാക്കാനുള്ള ഷോപ്പിംഗും വരുത്തിയ തിരക്ക്. വിഭവങ്ങളും സാധനങ്ങളും വിൽക്കുന്നവരും വാങ്ങുന്നവരെയുംകൊണ്ട് റോഡിന്റെ ഇരുവശവും നിറഞ്ഞു. ഓണാഘോഷത്തോടെ വിദ്യാലയങ്ങൾ അവധിയിലേക്ക് കടന്നതോടെ നഗരത്തിലെ തിരക്ക് മൂർധന്യാവസ്ഥയിലെത്തി.
സദ്യവട്ടങ്ങളും ഓണക്കോടിയും പൂക്കളും വാങ്ങാനുള്ള തിരക്കായിരുന്നു എവിടെയും. ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളിലെല്ലാം കഴിഞ്ഞ രണ്ടുദിവസങ്ങളിലെ തിരക്ക് പതിവുപോലെ. ഗ്രഹോപകരണശാലകളിലും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. തിരുവോണസദ്യ ഉഷാറാക്കാനുള്ള ഒരുക്കം എവിടെയും. പച്ചക്കറിക്കടയിലും പലവ്യഞ്ജന കടകളിലും റോഡരികിൽ മറ്റു വിൽപ്പനക്കാരുടെ മുമ്പിലുമെല്ലാം തിരക്ക്.
രാത്രികാല പൂക്കച്ചവടം
വിവിധയിനം പായസങ്ങളുടെ ആയിരക്കണക്കിന് ലിറ്ററിന് ഓർഡറുകൾ പല കാറ്ററിംഗ് സ്ഥാപനങ്ങൾക്കും ഇതിനകം ലഭിച്ചിട്ടുണ്ട്. പല സ്ഥാപനങ്ങളും പല വിലയാണ് ഈടാക്കുന്നത്. ലിറ്ററിന് 150 രൂപ മുതൽ 250 രൂപ വരെ ഈടാക്കുന്നുണ്ട്. നഗരങ്ങളിൽ വൻ ഡിമാൻഡാണ്. മാളുകളിലും സൂപ്പർമാർക്കറ്റുകളിലും മാത്രം മിഡ്നൈറ്റ് സെയിൽ കണ്ടു പരിചയിച്ചവർക്ക് രാത്രിയിലെ പൂക്കച്ചവടം വ്യത്യസ്ത കാഴ്ചയായി.
കഞ്ഞിക്കുഴിയിലെ കർഷകരാണ് രാത്രികാല പൂക്കച്ചവടം തുടങ്ങിയത്. ഉത്പാദനം കൂടിയതോടെയാണ് കർഷകർ അർദ്ധരാത്രിയിലും പൂക്കച്ചവടം ഉഷാറാക്കിയത്. ഇത്തവണ പൂക്കൾക്ക് വലിയ വർധന ഉണ്ടായിട്ടില്ല എന്നു ചിലർ പറയുന്നു. ഓണപ്പൂക്കളിൽ താരമായ അരളിയാണ് വില കൂടുതൽ. വഴിയോരങ്ങളിൽ തട്ടുകൾ ഉണ്ടാക്കി അതിൽ വിവിധ വർണ്ണങ്ങളിലുള്ള പൂക്കൾ വില്പനയ്ക്കായി സ്ഥാനം പിടിച്ചിരിക്കുന്നു. ഇത്തരം തട്ടിൽ പൂക്കൾ കച്ചവടം നഗരത്തിലും മറ്റു പ്രദേശങ്ങളിലും ഉണ്ടായിരുന്നു.
പാഴ്സലായും ഓണസദ്യ
നഗരത്തിലെ കടകളിലെല്ലാം വലിയ തിരക്കനുഭവപ്പെട്ടു. അത്തം മുതൽ പത്തു നാൾ നീളുന്ന ഓണം ഒരുക്കത്തിലെ ഏറ്റവും തിരക്കേറിയ ദിവസം വസ്ത്ര വ്യാപാരിശാലകളിലും പച്ചക്കറി ചന്തയിലും പ്രതിഫലിച്ചു. ഉത്രാട ദിനത്തിൽ വില കൂടുമെന്ന് ആശ്യായിരുന്നെങ്കിലും പൂക്കളുടെ വിലയിലും കാര്യമായി വർധന ഉണ്ടായിട്ടില്ലെന്നാണ് പറയുന്നത്. തിരക്കുപിടിച്ച നിരത്തുകൾ ജനങ്ങൾ നിറയുന്ന കാഴ്ചയായിരുന്നു ഉണ്ടായിരുന്നത്.
വൈകിട്ട് തിരക്ക് കൂടി ആലപ്പുഴ മുല്ലയ്ക്കൽ വിപണി പതിവ് ഉത്രാടപ്പാച്ചിലിൽ മികച്ചുനിന്നു. വസ്ത്ര വ്യാപാരശാല പലതും രാത്രി വൈകിയും പ്രവർത്തിച്ചു. തിരുവോണ ദിനത്തിൽ മിക്ക ഹോട്ടലുകളും റസ്റ്റോറന്റുകളും പ്രവർത്തിക്കും. സദ്യ മുതൽ പാൽപ്പായസം, അടപ്പായസം വരെ ബുക്കിംഗ് പലയിടത്തുമുണ്ട്. പ്രമുഖ ഹോട്ടലിൽ ഓണസദ്യക്കുള്ള കൂപ്പണുകൾ ഭൂരിഭാഗവും വിറ്റഴിച്ചു. പാഴ്സലായും ഓണസദ്യ നൽകുന്നുണ്ട്.