കാരുണ്യ ലോട്ടറി ഒന്നാം സമ്മാനം പെയിന്റിംഗ് തൊഴിലാളിക്ക്
1443174
Thursday, August 8, 2024 11:34 PM IST
മങ്കൊമ്പ്: കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം കിടപ്പാടം നഷ്ടമായ കുട്ടനാട്ടിലെ പെയിന്റിംഗ് തൊഴിലാളിക്ക്. ചമ്പക്കുളം പഞ്ചായത്ത് രണ്ടാം വാർഡ് മങ്കൊമ്പ് തെക്കേക്കര ചിറയിൽ വീട്ടിൽ കെ.എം. ചന്ദ്രബാബുവിനെ തേടിയാണ് എൺപതു ലക്ഷം രൂപയുടെ ഒന്നാം സമ്മാനമെത്തിയത്. സംസ്ഥാന സർക്കാരിന്റെ ഇന്നലെ നടന്ന കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പിലാണ് ഭാഗ്യദേവത ബാബുവിനെത്തേടിയെത്തിയത്. ഇന്നലെ രാവിലെ പെയിന്റിംഗ് ജോലിക്കിടെ ചായ കുടിക്കാനിറങ്ങിയപ്പോഴാണ് മങ്കൊമ്പ് ജംഗ്ഷനിലെ ഉദയപ്പന്റെ ഉടമസ്ഥതയിലുള്ള ലോട്ടറി വിൽപ്പന സ്റ്റാളിൽ നിന്ന് ടിക്കറ്റെടുത്തത്. കടം കയറിയതിനെത്തുടർന്ന് നേരത്തെ ബാബുവിന് വീട് വിൽക്കേണ്ടിവന്നിരുന്നു.
തെക്കേക്കരയിൽത്തന്നെ കുടുംബത്തിനൊപ്പം താമസിക്കുന്ന വാടക വീട്ടിലേക്കാണ് ഭാഗ്യം ബാബുവിനെത്തേടിയെത്തിയത്. ഭാര്യ രാധികയും വിദ്യാർഥികളായ മക്കൾ അഭിമന്യുവും അഭിനവും മാതാവ് കോമളവുമാണ് അടങ്ങുന്നതാണ് ബാബുവിന്റെ കുടുംബം. പ്ലസ്ടു കഴിഞ്ഞ് സാമ്പത്തിക പരാധീനതയെ തുടർന്ന് മുടങ്ങിയ മൂത്തമകൻ അഭിന്യുവിന്റെ പഠനം പൂർത്തിയാക്കണം. പിന്നെ സ്വന്തമായൊരു വീട്. ഈ സ്വപ്നങ്ങൾ യാഥാർഥ്യമാകുന്നതിനുള്ള വഴി തെളിഞ്ഞതിന്റെ ആശ്വാസത്തിലാണ് ബാബുവും.