നാട്ടുകാർക്ക് ദുരിതമായി റോഡരികിൽ ചെളി
1437365
Friday, July 19, 2024 10:50 PM IST
അമ്പലപ്പുഴ: ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി റോഡരികിൽ ചെളി ഇറക്കിയത് നാട്ടുകാർക്ക് ദുരിതമാകുന്നു. ദേശീയപാതാ വികസനത്തോടനുബന്ധിച്ച് ഓട നിർമിച്ചശേഷം പൈപ്പുകൾ സ്ഥാപിച്ചിരുന്നു. പൈപ്പിട്ടശേഷമുള്ള വിടവുകൾ അടയ്ക്കാനാണ് വിവിധ പാടശേഖരങ്ങളിൽനിന്നുള്ള ചെളി വൻതോതിൽ ദേശീയപാതയോരത്ത് കുട്ടിയിട്ടിരിക്കുന്നത്.
പുറക്കാട്, പഴയങ്ങാടി, തോട്ടപ്പള്ളി ഒറ്റപ്പന, മാത്തേരി തുടങ്ങിയ പ്രദേശങ്ങളിലാണ് ഈ രീതിയിൽ ചെളി നിറച്ചിരിക്കുന്നത്. ഗ്രാവൽ നിറയ്ക്കേണ്ടതിനു പകരമാണ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഇത്തരത്തിൽ ചെളി ഇറക്കിയത്. അതി രൂക്ഷമായ ദുർഗന്ധം മൂലം പ്രദേശവാസികൾ ദുരിതത്തിലായിരിക്കുകയാണ്. അധികൃതർ ഇടപെട്ട് അടിയന്തരമായി ചെളി നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.